കൊച്ചി എക്‌സ് ഷോറൂം വില 1,57,402 രൂപ
ഏഥര്‍ 450എക്‌സ് ജെന്‍ 3 കേരള വിപണിയില്‍ അവതരിപ്പിച്ചു. മികച്ച പെര്‍ഫോമന്‍സ് കൂടാതെ റൈഡ് നിലവാരം വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകളോടെയാണ് ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. പുതുതായി 3.7 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒരു പൂര്‍ണ ചാര്‍ജില്‍ 146 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും 105 കിലോമീറ്റര്‍ ട്രൂ റേഞ്ചും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,57,402 രൂപയാണ് കൊച്ചി എക്‌സ് ഷോറൂം വില.

യൂസര്‍ ഇന്റര്‍ഫേസിന് പുതുതായി 2 ജിബി റാം ലഭിച്ചു. വോയ്സ് കമാന്‍ഡുകള്‍, മള്‍ട്ടി ലാംഗ്വേജ് സപ്പോര്‍ട്ട്, ഗ്രാഫിക്സ്, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഫീച്ചറുകള്‍ ഭാവിയില്‍ ലഭ്യമായിരിക്കും. സ്മാര്‍ട്ട് ഇക്കോ മോഡ്, 22 ലിറ്റര്‍ ബൂട്ട് ശേഷി, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, റീജനറേഷന്‍ സഹിതം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്ക്, ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം എന്നിവ സവിശേഷതകളാണ്. വാര്‍പ്പ്, സ്പോര്‍ട്ട്, റൈഡ്, സ്മാര്‍ട്ട് ഇക്കോ, ഇക്കോ എന്നീ അഞ്ച് റൈഡ് മോഡുകള്‍ ലഭ്യമാണ്. സൈഡ് സ്റ്റെപ്പ്, ടിപിഎംഎസ് എന്നിവ ആക്‌സസറികളില്‍ ഉള്‍പ്പെടുന്നു.

വില്‍പ്പനയുടെ കാര്യത്തില്‍ ഏഥറിന്റെ മികച്ച മൂന്ന് വിപണികളിലൊന്ന് കേരളമാണെന്ന് ഏഥര്‍ എനര്‍ജി മാര്‍ക്കറ്റിംഗ് ആന്‍ഡ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം വൈസ് പ്രസിഡന്റ് നിലയ് ചന്ദ്ര പറഞ്ഞു. പ്രീമിയം വാഹനങ്ങള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്. കേരളത്തിലുടനീളം സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹന സെഗ്മെന്റ് വളര്‍ത്തുന്നതിലും പുതിയ ഉപയോക്താക്കളെ നേടുന്നതിലും ഏഥര്‍ 450എക്‌സ് ജെന്‍ 3 നിര്‍ണായകമാകുമെന്ന് നിലയ് ചന്ദ്ര പ്രസ്താവിച്ചു.
കൊച്ചിയില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഏഥറിന്റെ എക്സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിക്കുകയും മൂന്ന് മാസത്തില്‍ 25 ശതമാനം വര്‍ധനയോടെ 13 ഷോറൂമുകള്‍ കൂടി തുറക്കുകയും ചെയ്തു. നിലവില്‍ തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ എക്സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. വരും മാസങ്ങളില്‍ കാസര്‍കോഡ്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ റീട്ടെയില്‍ കേന്ദ്രം ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയാണ് ഏഥര്‍ എനര്‍ജി.