Top Spec

The Top-Spec Automotive Web Portal in Malayalam

പാലാഴി കടഞ്ഞെടുത്ത എഎംജി ഇക്യുഎസ് 53 4മാറ്റിക്+

ഇന്ത്യാ എക്‌സ് ഷോറൂം വില 2.45 കോടി രൂപ മുതല്‍

മെഴ്സിഡസ്-എഎംജി ഇക്യുഎസ് 53 4മാറ്റിക്+ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.45 കോടി രൂപ മുതലാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. മെഴ്‌സിഡസ്-ബെന്‍സ് ഇക്യുസി കഴിഞ്ഞാല്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് എഎംജി ഇക്യുഎസ് 53 4മാറ്റിക്+. കഴിഞ്ഞ വര്‍ഷമാണ് ഇക്യുസി എത്തിയത്.

ലംബമായ ക്രോം സ്ലാറ്റുകളോടെ കറുത്ത ഗ്രില്‍, മുന്‍വശത്ത് തിരശ്ചീനമായി പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, മുന്നില്‍ ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ സ്പ്ലിറ്റര്‍, ഇല്യുമിനേഷന്‍ ഫംഗ്ഷന്‍ സഹിതം ഫ്‌ളഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, 21 ഇഞ്ച് മാറ്റ് ബ്ലാക്ക് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ബൂട്ട്‌ലിഡിന് കുറുകെയായി എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ 2022 മെഴ്സിഡസ്-എഎംജി ഇക്യുഎസ് 53 4മാറ്റിക്+ മോഡലിന്റെ പുറത്തെ സവിശേഷതകളാണ്.

‘സ്പേസ് ഗ്രേ’ ഇന്റീരിയര്‍ തീം, നാപ്പ തുകലില്‍ പൊതിഞ്ഞ എഎംജി-സ്‌പെക് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, എഎംജി-സ്‌പെക് സ്പോര്‍ട്ട് പെഡലുകള്‍, ഡാഷ്ബോര്‍ഡിന്റെ അതേ നീളത്തില്‍ 55 ഇഞ്ച് സ്‌ക്രീന്‍, ബയോമെട്രിക് ഓതന്റിക്കേഷന്‍ (വിരലടയാളം, മുഖം അല്ലെങ്കില്‍ ശബ്ദം), ആംബിയന്റ് ലൈറ്റിംഗ്, ഒടിഎ അപ്ഡേറ്റുകള്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, ഡ്രൈവ് മോഡുകള്‍, എംബിയുഎക്‌സ് കണക്റ്റിവിറ്റി, പിന്‍ സീറ്റ് യാത്രികര്‍ക്കായി എംബിയുഎക്‌സ് ടാബ്‌ലറ്റ്, 15 സ്പീക്കറുകള്‍ സഹിതം 710 വാട്ട് ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, റിയര്‍ ആക്സില്‍ സ്റ്റിയറിംഗ്, ഒമ്പത് എയര്‍ബാഗുകള്‍ എന്നിവ അകത്തെ വിശേഷങ്ങളാണ്.

നോട്ടിക് ബ്ലൂ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലാക്ക് മെറ്റാലിക്, ഡിസൈനോ സെലനൈറ്റ് ഗ്രേ മാഗ്‌നോ, ഡിസൈനോ ഹയാസിന്ത് റെഡ് മെറ്റാലിക്, ഡിസൈനോ ഡയമണ്ട് വൈറ്റ് ബ്രൈറ്റ് എന്നീ ആറ് നിറങ്ങളില്‍ പുതിയ മെഴ്സിഡസ്-എഎംജി ഇക്യുഎസ് 53 4മാറ്റിക്+ ലഭിക്കും. നീളം 5,223 എംഎം, വീതി 1,926 എംഎം, ഉയരം 1,515 എംഎം, വീല്‍ബേസ് 3,210 എംഎം എന്നിങ്ങനെയാണ് അഴകളവുകള്‍.

762 ബിഎച്ച്പി കരുത്തും 1020 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 107.8 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് കരുത്തേകുന്നത്. 4മാറ്റിക്+ എന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.4 സെക്കന്‍ഡ് മാത്രം മതി. ഒറ്റ ചാര്‍ജില്‍ 586 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററിക്ക് 10 വര്‍ഷവും 2.50 ലക്ഷം കിലോമീറ്ററും വാറന്റി ലഭ്യമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ അല്ലെങ്കില്‍ 30,000 കിലോമീറ്ററാണ് സര്‍വീസ് ഇടവേള.