Top Spec

The Top-Spec Automotive Web Portal in Malayalam

ഹീറോ ഡര്‍ട്ട് ബൈക്കിംഗ് ചലഞ്ച് പ്രഖ്യാപിച്ചു

താല്‍പ്പര്യമുള്ളവര്‍ക്ക് എച്ച്ഡിബിസി.ഐഎന്‍ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതുതായി ഹീറോ ഡര്‍ട്ട് ബൈക്കിംഗ് ചലഞ്ച് (എച്ച്ഡിബിസി) പ്രഖ്യാപിച്ചു. അഖിലേന്ത്യാ ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് എച്ച്ഡിബിസി. റാലിയിംഗ്, ഓഫ് റോഡ് റേസിംഗ് എന്നിവ പഠിക്കാനും കരിയറായി പിന്തുടരാനും ആഗ്രഹിക്കുന്നവരെയും വളര്‍ന്നുവരുന്ന റൈഡര്‍മാരെയുമാണ് ഹീറോ മോട്ടോകോര്‍പ്പ് ലക്ഷ്യം വെയ്ക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് എച്ച്ഡിബിസി.ഐഎന്‍ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് മോട്ടോര്‍സ്പോര്‍ട്ട് പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഹീറോ മോട്ടോകോര്‍പ്പ് ആഗ്രഹിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, വിവിധ വാരാന്ത്യങ്ങളിലായി രാജ്യത്തെ 45 നഗരങ്ങളില്‍ ആദ്യ റൗണ്ടുകള്‍ നടക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് 18 നഗരങ്ങളിലായി നടക്കുന്ന പ്രാദേശിക റൗണ്ടുകളില്‍ മല്‍സരിക്കും. കൊച്ചി, തിരുവനന്തപുരം (സിറ്റി റൗണ്ട് മാത്രം), കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, കോയമ്പത്തൂര്‍, മധുര (സിറ്റി റൗണ്ട് മാത്രം), ചെന്നൈ, തിരുപ്പതി (സിറ്റി റൗണ്ട് മാത്രം) ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സിറ്റി & റീജ്യണല്‍ റൗണ്ടുകള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ഹീറോ മോട്ടോസ്പോര്‍ട്സ് റാലി ടീമിനൊപ്പം പരിശീലനം നേടാനുള്ള അവസരം ലഭിക്കും. കൂടാതെ ടോപ് റൈഡര്‍മാര്‍ക്ക് ഹീറോ മോട്ടോസ്പോര്‍ട്ട് റൈഡര്‍മാരായ റോസ് ബ്രാഞ്ച്, ജോക്വിം റോഡ്രിഗസ്, സെബാസ്റ്റ്യന്‍ ബ്യൂലര്‍, ഫ്രാങ്കോ കൈമി എന്നിവര്‍ പരിശീലനം നല്‍കും.

മാത്രമല്ല, മികച്ച നൂറ് റൈഡര്‍മാര്‍ക്ക് അഞ്ച് ദിവസത്തെ ബൂട്ട്ക്യാമ്പില്‍ പങ്കെടുക്കാം. ഈ ക്യാമ്പില്‍ ഇവര്‍ക്ക് ഇന്ത്യന്‍ ഡാക്കര്‍ റേസറായ സിഎസ് സന്തോഷ് പരിശീലനം നല്‍കും. റേസില്‍ പങ്കെടുത്തുകൊണ്ടാണ് ബൂട്ട്ക്യാമ്പിന് സമാപനമാകുന്നത്. ഇതില്‍ നിന്നുള്ള മികച്ച ഇരുപത് റൈഡര്‍മാര്‍ ജയ്പൂരിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ആര്‍&ഡി സെന്ററില്‍ നടക്കുന്ന ഫൈനലില്‍ മല്‍സരിക്കും. ഫൈനല്‍ മല്‍സരത്തിന് അഞ്ച് ദിവസം മുമ്പ് മുന്‍നിര റൈഡര്‍മാര്‍ക്ക് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ നേതൃത്വത്തില്‍ ജയ്പൂരില്‍ ഉപദേശങ്ങളും പരിശീലനവും നല്‍കും. ഫൈനല്‍ വിജയിക്കും രണ്ട് റണ്ണേഴ്സ് അപ്പിനും ഹീറോ എക്‌സ്പള്‍സ് 200 4വി മോട്ടോര്‍സൈക്കിള്‍ സമ്മാനമായി നല്‍കും. കൂടാതെ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളും ലഭിക്കും.

അന്താരാഷ്ട്ര റാലി-റേസിംഗ് രംഗത്ത് ഇന്ത്യയുടെ പതാകവാഹകരാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ റാലി-റേസിംഗ് ടീമായ ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി എന്നും രാജ്യത്തെ യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് തങ്ങള്‍ ഇപ്പോള്‍ ആ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണെന്നും ഹീറോ മോട്ടോകോര്‍പ്പ് ചീഫ് ഗ്രോത്ത് ഓഫീസര്‍ രണ്‍ജിവ്ജിത് സിംഗ് പറഞ്ഞു. ഇത് രാജ്യത്തെ ഓഫ്-റോഡ് റൈഡിംഗ് സംസ്‌കാരത്തിന് കൂടുതല്‍ ഉത്തേജനം നല്‍കും. ഓഫ്-റോഡ് റൈഡിംഗ് ആഗ്രഹിക്കുന്ന യുവാക്കളുടെ മികച്ച ഓപ്ഷനാണ് ഹീറോ എക്‌സ്പള്‍സ് 200 4വി. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭം റൈഡിംഗ് പ്രേമികള്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്നും രാജ്യത്തിന് ഭാവി ചാമ്പ്യന്മാരെ സമ്മാനിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.