Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ മുഖം കാണിച്ച് സിട്രോണ്‍ സി3

ജൂലൈ ഒന്നിന് പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ജൂലൈ 20 നാണ് വിപണി അവതരണം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി3 കൊച്ചിയില്‍ അനാവരണം ചെയ്തു. കൊച്ചിയിലെ ‘ല മൈസന്‍ സിട്രോണ്‍’ ഫിജിറ്റല്‍ ഷോറൂമിലാണ് ബി സെഗ്മെന്റ് ഹാച്ച്ബാക്ക് പ്രഥമ ദര്‍ശനം നല്‍കിയത്. ഇവിഎം-ല മൈസന്‍ സിട്രോണ്‍ കൊച്ചി സിഇഒ ജിഷില്‍ ബോസ് ടിസി, ഇവിഎം മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി എന്നിവര്‍ ചേര്‍ന്നാണ് അനാവരണം നിര്‍വഹിച്ചത്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ് സിട്രോണ്‍ സി3. ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി3 തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യമെങ്ങുമുള്ള ‘ല മൈസന്‍ സിട്രോണ്‍’ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യാ വെബ്സൈറ്റിലും ജൂലൈ ഒന്നിന് പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 21,000 രൂപയാണ് ബുക്കിംഗ് തുക. ജൂലൈ 20 നാണ് വിപണി അവതരണം.

സിട്രോണ്‍ സി3 അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിട്രോണ്‍ ഇന്ത്യാ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കടുത്ത മല്‍സരം നടക്കുന്ന ബി സെഗ്മെന്റിലേക്കാണ് സി3യുടെ വരവ്. അതുകൊണ്ടു തന്നെ മറ്റ് കാറുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും ആകര്‍ഷകവുമായ കാര്‍ അവതരിപ്പിക്കുകയെന്നത് വളരെ പ്രധാനമായിരുന്നു. സിട്രോണിന്റെ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പ്രോഗ്രാമിന് സി3 വലിയ പിന്തുണ നല്‍കും. എക്‌സ്പ്രസ് യുവര്‍സെല്‍ഫ് എന്ന പേരില്‍ വ്യത്യസ്ത നിറഭേദങ്ങളോടെ മൂന്ന് മൂഡ് പാക്കുകളും 56 പ്രത്യേക കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും 70 ലധികം ആക്‌സസറികളും ഉള്‍പ്പെടുന്ന, ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന സവിശേഷ കസ്റ്റമൈസേഷനും ലഭ്യമാണെന്ന് സൗരഭ് വത്സ വ്യക്തമാക്കി.

സിട്രോണ്‍ സി3 അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍. ഇന്ത്യയിലെ പ്രാദേശികമായ പ്രത്യേകതകള്‍ക്കും ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് ഇന്ത്യന്‍ വിപണിക്കു വേണ്ടി തദ്ദേശീയമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് സി3. 2019 ല്‍ സിട്രോണ്‍ അവതരിപ്പിച്ച ‘സി ക്യൂബ്ഡ്’ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട മൂന്ന് കാറുകളില്‍ ആദ്യത്തേതാണ് സി3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024 ഓടെ മൂന്ന് കാറുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്. സിട്രോണിന്റെ മുഖമുദ്രയായ യാത്രാസുഖം, അതത് രാജ്യങ്ങള്‍ക്കിണങ്ങുന്ന പ്രത്യേക രൂപകല്‍പ്പന എന്നിവ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഈ കാറുകളിലൂടെ വിപണിയില്‍ വളരെ വേഗം മുന്നിലെത്താനാണ് സിട്രോണിന്റെ പദ്ധതി.