Top Spec

The Top-Spec Automotive Web Portal in Malayalam

കിടിലോല്‍ക്കിടിലം; എഎംജി ജിടി ബ്ലാക്ക് സീരീസ് ഇന്ത്യയില്‍

ഇന്ത്യാ എക്സ് ഷോറൂം വില 5.50 കോടി മുതല്‍

മെഴ്‌സിഡസ് എഎംജി ജിടി ബ്ലാക്ക് സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.50 കോടി രൂപ മുതലാണ് ഇന്ത്യാ എക്സ് ഷോറൂം വില. ഈ സ്‌പോര്‍ട്‌സ് കാറിന്റെ രണ്ട് യൂണിറ്റ് മാത്രമാണ് ജര്‍മന്‍ ലക്ഷ്വറി പെര്‍ഫോമന്‍സ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിലെ ആദ്യ കാര്‍ ബെംഗളൂരു സ്വദേശിയായ ഭൂപേഷ് റെഡ്ഡിക്ക് കൈമാറി.

3,982 സിസി, ട്വിന്‍ ടര്‍ബോ, വി8 പെട്രോള്‍ എന്‍ജിനാണ് മെഴ്‌സിഡസ് എഎംജി ജിടി ബ്ലാക്ക് സീരീസിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,700 നും 6,900 നുമിടയില്‍ ആര്‍പിഎമ്മില്‍ 720 ബിഎച്ച്പി കരുത്തും 2,000 നും 6,000 നുമിടയില്‍ ആര്‍പിഎമ്മില്‍ 800 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി എഎംജി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ടോപ് സ്പീഡ്.

വി8 ന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് ക്രോസ് പ്ലെയിന്‍ യൂണിറ്റിന് പകരം ഫ്‌ളാറ്റ് പ്ലെയ്ന്‍ ക്രാങ്ക് ഷാഫ്റ്റാണ് ഈ എന്‍ജിന്‍ ഉപയോഗിക്കുന്നത്. കൂടാതെ പുതിയതും കൂടുതല്‍ വലുതുമായ ടര്‍ബോചാര്‍ജറുകളും ഇന്റര്‍കൂളറും നല്‍കി. ഒരു പുതിയ കാംഷാഫ്റ്റ് ചേര്‍ക്കുകയും ഫയറിംഗ് ഓര്‍ഡര്‍ പരിഷ്‌കരിക്കുകയും ചെയ്തു.

ബൃഹത്തായ പാന്‍ അമേരിക്കാന റേഡിയേറ്റര്‍ ഗ്രില്‍ കൂടാതെ മുന്നിലെ ബംപറില്‍ എയര്‍ കര്‍ട്ടനുകള്‍, ഫിന്നുകള്‍, എക്‌സ്റ്റന്‍ഷനോടുകൂടിയ സ്പ്ലിറ്റര്‍ എന്നിവ കാണാം. ബോഡി പാനലുകളായ മുന്നിലെ സ്പ്ലിറ്റര്‍, ബോണറ്റ്, സൈഡ് വ്യൂ കണ്ണാടികള്‍, ടെയില്‍ഗേറ്റ്, സൈഡ് സ്‌കര്‍ട്ടുകള്‍, റൂഫ്, റിയര്‍ ഡിഫ്യൂസര്‍, റിയര്‍ വിംഗ് എന്നിവ കാര്‍ബണ്‍ ഫൈബറിലാണ് നിര്‍മിച്ചിരിക്കുന്നത്.

ചൂടേറിയ വായു എന്‍ജിന്‍ ബേയുടെ പുറത്തേക്ക് തള്ളി എയറോഡൈനാമിക്സ് വര്‍ധിപ്പിക്കുന്നതിന് നീളമേറിയ ബോണറ്റ് സഹായിക്കുന്നു. ഇതിലൂടെ അനുകൂലമായ താപനിലയില്‍ ഉള്‍ഭാഗം നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ഫെന്‍ഡറുകളില്‍ എയര്‍ ഔട്ട്ലെറ്റുകള്‍, എക്‌സ്റ്റെന്‍ഡഡ് സൈഡ് സ്‌കര്‍ട്ടുകള്‍, പുതിയ ഭാരം കുറഞ്ഞ റിയര്‍ ഗ്ലാസ്, വലിയ ബ്രേക്കുകള്‍ എന്നിവയും ലഭിച്ചു.

മുന്നിലും പിന്നിലും ക്രമീകരിക്കാവുന്ന ക്യാംബര്‍, ക്രമീകരിക്കാവുന്ന ആന്റി-റോള്‍ ബാറുകള്‍ (മുന്നില്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടും പിന്നില്‍ ഹോളോ സ്റ്റീല്‍ കൊണ്ടും നിര്‍മിച്ചു), മൂന്ന് മോഡുകള്‍ സഹിതം ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഡാംപറുകള്‍, മാനുവലായി ക്രമീകരിക്കാവുന്ന റൈഡ് ഹൈറ്റ്, അണ്ടര്‍ബോഡി ക്രോസ് ബ്രേസ് എന്നിവ ജിടി ബ്ലാക്ക് സീരീസിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ്.

കാറിനകത്ത്, അലങ്കാരമെന്ന നിലയില്‍ കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ സഹിതം ഹൈ ഗ്രേഡ് അപ്‌ഹോള്‍സ്റ്ററിയോടെയാണ് കോക്ക്പിറ്റ് ഒരുക്കിയത്. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ബക്കറ്റ് സീറ്റുകള്‍, റോള്‍ കേജ്, ഡോര്‍ ഹാന്‍ഡിലുകളായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ലൂപ്പുകള്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, നല്ല വലുപ്പമുള്ള എഎംജി യുഐ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ കാറിനകത്തെ മറ്റ് വിശേഷങ്ങളാണ്.