Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്റീരിയര്‍ വെളിപ്പെടുത്തി പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍

ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ടായിരിക്കും. ജൂണ്‍ 27 ന് വിപണിയില്‍ അവതരിപ്പിക്കും

ഈ മാസം 27 നാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി വാഹനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് തുടരുകയാണ് മഹീന്ദ്ര. എസ്‌യുവിയുടെ ബാഹ്യ രൂപകല്‍പ്പന കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് സണ്‍റൂഫ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ബ്രൗണ്‍ & ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ക്രൂസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ആറ് എയര്‍ബാഗുകള്‍, സോണിയുടെ മ്യൂസിക് സിസ്റ്റം, റൂഫില്‍ സ്ഥാപിച്ച സ്പീക്കറുകള്‍, ‘അഡ്രീനോഎക്‌സ്’ കണക്റ്റഡ് കാര്‍ ടെക്‌നോളജി, ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍, സ്റ്റോറേജ് ഫംഗ്ഷന്‍ സഹിതം മുന്‍ നിരയില്‍ ആം റെസ്റ്റ്, മൂന്ന് നിരകളിലും ക്രമീകരിക്കാവുന്ന ഹെഡ്-റെസ്റ്റുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുന്നിലും പിന്നിലും ക്യാമറകള്‍ എന്നിവ 2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ബംപറിന്റെ താഴത്തെ ഭാഗത്ത് സി ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്നിലും പിന്നിലും പുതിയ ബംപര്‍, പുതിയ മഹീന്ദ്ര ലോഗോ സഹിതം സവിശേഷ സിക്സ് സ്ലാറ്റ് ഗ്രില്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ലംബമായി സ്ഥാപിച്ച എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ചുറ്റും ബോഡി ക്ലാഡിംഗ്, നമ്പര്‍ പ്ലേറ്റ് റിസെസ് നല്‍കിയ ടെയില്‍ ഗേറ്റ്, പിറകിലെ ബംപറില്‍ റിഫ്‌ളക്ടറുകള്‍ എന്നിവ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുറത്തെ വിശേഷങ്ങളാണ്.

6 സീറ്റ്, 7 സീറ്റ് ലേഔട്ടുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ആദ്യത്തേതിന് രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഓരോന്നിനും ഹാന്‍ഡ് റെസ്റ്റുകള്‍ ഉണ്ടായിരിക്കും. രണ്ടാമത്തേതില്‍ 60:40 അനുപാതത്തില്‍ സ്പ്ലിറ്റ് ചെയ്യാന്‍ കഴിയും. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിന്‍ എന്നിവ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് മറ്റൊരു വാഗ്ദാനം.