Top Spec

The Top-Spec Automotive Web Portal in Malayalam

ഹീറോ എക്‌സ്പള്‍സ് ഉടമകള്‍ക്കായി ‘എക്‌സ്‌ക്ലാന്‍’ പ്രഖ്യാപിച്ചു

തുടക്കത്തില്‍ കൊച്ചി, ബെംഗളൂരു, മുംബൈ, ഡെറാഡൂണ്‍, ഗുവാഹത്തി എന്നീ നഗരങ്ങളില്‍ ക്ലബ് രൂപീകരിക്കും

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ എക്‌സ്പള്‍സ് മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി ‘എക്‌സ്‌ക്ലാന്‍’ എന്ന കമ്യൂണിറ്റി റൈഡിംഗ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. ഹീറോ എക്‌സ്പള്‍സ് ഉടമകളുടെ ആദ്യ ഔദ്യോഗിക ക്ലബ്ബായിരിക്കും എക്‌സ്‌ക്ലാന്‍. വളര്‍ന്നുവരുന്ന റൈഡര്‍മാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഇടപഴകാനും സൗഹൃദം വളര്‍ത്തിയെടുക്കാനും വേദിയൊരുക്കുകയാണ് കമ്പനി. തുടക്കത്തില്‍ കൊച്ചി, ബെംഗളൂരു, മുംബൈ, ഡെറാഡൂണ്‍, ഗുവാഹത്തി എന്നീ അഞ്ച് നഗരങ്ങളില്‍ ക്ലബ് രൂപീകരിക്കും. ഈ വര്‍ഷം തന്നെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓരോ റൈഡര്‍ക്കും 2,000 രൂപയാണ് ഹീറോ എക്‌സ്‌ക്ലാന്‍ അംഗത്വ ഫീസ്.

ഓരോരുത്തരുടെയും അഭിനിവേശത്തിന് അനുസരിച്ച് യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും അതോടൊപ്പം പ്രകൃതിയുമായി ഒത്തുചേര്‍ന്ന് ജീവിക്കുകയെന്ന് ബോധ്യപ്പെടുന്നതിനും മോട്ടോര്‍സൈക്ലിംഗ് ഉപകരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജീവ്ജിത് സിംഗ് പറഞ്ഞു. സമാന അഭിരുചികള്‍ ഉള്ളവരുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ പുതിയ തലത്തിലേക്ക് ഉയരും. ആഗോളതലത്തില്‍ ജനപ്രീതി നേടിയ എക്‌സ്പള്‍സ് മോട്ടോര്‍സൈക്കിളിനെയും റൈഡിംഗ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് എക്‌സ്‌ക്ലാന്‍ പ്രഖ്യാപിച്ചത്. രാജ്യമെങ്ങുമുള്ള മോട്ടോര്‍സൈക്ലിസ്റ്റുകള്‍ക്ക് അപൂര്‍വ അനുഭവങ്ങള്‍ നേടുന്നതിനും സഹ റൈഡര്‍മാരുമായി ചേര്‍ന്ന് പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓണ്‍ബോര്‍ഡിംഗ് കിറ്റ്, ചാപ്റ്റര്‍ റൈഡുകള്‍ക്കും റാലി ഇവന്റുകള്‍ക്കുമുള്ള ക്ഷണം, കോംപ്ലിമെന്ററി ‘ഹീറോ ഗുഡ്‌ലൈഫ് പ്ലാറ്റിനം മെമ്പര്‍ഷിപ്പ്’, ഒരുപോലെ ചിന്തിക്കുന്ന റൈഡര്‍മാരുടെ സൗഹൃദം എന്നിവ അംഗത്വത്തിന്റെ ഭാഗമായി ഹീറോ എക്‌സ്പള്‍സ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സണ്‍റൈസ് റൈഡുകള്‍, ഓവര്‍നൈറ്റ് റൈഡുകള്‍, എക്‌സ്‌പെഡിഷന്‍ റൈഡുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി എക്‌സ്‌ക്ലാന്‍ റൈഡുകള്‍ തരംതിരിക്കും. അടുത്ത മാസം റൈഡുകള്‍ ആരംഭിക്കും. രണ്ട്, മൂന്ന് ശ്രേണീ നഗരങ്ങളിലേക്കും കമ്യൂണിറ്റി റൈഡിംഗ് പ്ലാറ്റ്‌ഫോം വ്യാപിപ്പിക്കും.