Top Spec

The Top-Spec Automotive Web Portal in Malayalam

ഇതാ ലാന്‍ഡ് റോവറിന്റെ ഘടാഘടിയന്‍; ഡിഫെന്‍ഡര്‍ 130

2022 അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

1983 ല്‍ ലാന്‍ഡ് റോവര്‍ 110 എന്ന പേരിലാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 1984 ല്‍ ലാന്‍ഡ് റോവര്‍ 90 വിപണിയിലെത്തി. 1985 ല്‍ കൂടുതല്‍ നീളമേറിയ ലാന്‍ഡ് റോവര്‍ 127 അരങ്ങേറി. 1990 ല്‍ ഈ വേരിയന്റുകളെല്ലാം ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തു. 2016 ല്‍ വിപണി വിട്ട ഡിഫെന്‍ഡര്‍ പിന്നീട് രണ്ട് വര്‍ഷം മുമ്പ് 2020 ലാണ് തിരികെ എത്തിയത്. പുതിയ വരവില്‍ ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110 എന്നീ രണ്ട് വേരിയന്റുകളാണ് വില്‍ക്കുന്നത്. എട്ട് സീറ്റുകളുമായി ഡിഫെന്‍ഡര്‍ 130 എന്ന പുതിയ വേരിയന്റ് ഇപ്പോള്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തിരിക്കുകയാണ് ലാന്‍ഡ് റോവര്‍.

2+3+3 ഫ്രണ്ട് ഫേസിംഗ് സീറ്റിംഗ് സജ്ജീകരണത്തോടെയാണ് ഓഫ് റോഡര്‍ എസ്‌യുവിയുടെ മൂന്നാം വേരിയന്റ് വരുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ഏറ്റവും നീളമേറിയ വകഭേദമാണ് പുതിയ ഡിഫെന്‍ഡര്‍ 130. ഓഫ്-റോഡ് സവാരികള്‍ ആസ്വദിക്കുന്ന വലിയ കുടുംബങ്ങളെയും സംഘങ്ങളെയും ആകര്‍ഷിക്കാന്‍ ഈ വേരിയന്റിന് കഴിയും. അന്താരാഷ്ട്ര തലത്തില്‍ എസ്ഇ, എച്ച്എസ്ഇ, എക്‌സ്-ഡൈനാമിക്, എക്‌സ്, ഫസ്റ്റ് എഡിഷന്‍ എന്നീ വേരിയന്റുകളില്‍ ഡിഫെന്‍ഡര്‍ 130 ലഭിക്കും. 2022 അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിഫെന്‍ഡര്‍ 130 വേരിയന്റിന് മാത്രമായി സാറ്റിന്‍ സില്‍വര്‍, ക്രോം ട്രിം പീസുകളോടെ ‘സെഡോണ റെഡ്’ പെയിന്റ് ഓപ്ഷന്‍ ലഭിച്ചു.

ഡിഫെന്‍ഡര്‍ 110 വേരിയന്റിന് സമാനമായ 3,022 എംഎം വീല്‍ബേസ് തന്നെയാണ് പുതിയ വേരിയന്റിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ റിയര്‍ ആക്സിലിന് പിറകില്‍ 340 എംഎം അധികം ഉള്ളതിനാല്‍ വലിയ മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഇടം ലഭിച്ചു. മൂന്ന് നിര സീറ്റുകള്‍ ഉയര്‍ത്തിയാലും 382 ലിറ്ററെന്ന മികച്ച ബൂട്ട് സ്‌പേസ് ലഭ്യമാണ്. കൂടുതല്‍ സൗകര്യമെന്ന നിലയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ 40:20:40 അനുപാതത്തില്‍ മടക്കിവെയ്ക്കാം.

പിന്‍ഭാഗത്ത് നീളം വര്‍ധിച്ചത് വ്യക്തമായി കാണാം. അപ്രോച്ച്/ഡിപാര്‍ച്ചര്‍/ബ്രേക്ക്ഓവര്‍ ആംഗിളുകള്‍, വാട്ടര്‍ വേഡിംഗ് ശേഷി തുടങ്ങിയ ഓഫ്-റോഡ് കഴിവുകള്‍ പരിശോധിക്കുകയാണെങ്കില്‍, നീളം വര്‍ധിച്ചിട്ടും ഡിഫെന്‍ഡര്‍ 110 പോലെ കേമനാണ് ഡിഫെന്‍ഡര്‍ 130. ഡിഫെന്‍ഡര്‍ 110 വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ സസ്പെന്‍ഷന്‍ ക്രമീകരിച്ചാണ് ലാന്‍ഡ് റോവര്‍ ഇത് സാധ്യമാക്കിയത്. കൂടാതെ അധിക ക്ലിയറന്‍സിനായി ബോട്ട് ഹള്‍ പോലെ പിന്‍ഭാഗത്തെ ഫ്‌ളോര്‍ ഉയര്‍ത്തിയിരിക്കുന്നു.

മൂന്നാം നിരയില്‍ ത്രീ-അബ്രെസ്റ്റ് സീറ്റിംഗാണ് നല്‍കിയത്. എന്നാല്‍ ഇവ രണ്ടാം നിര സീറ്റുകള്‍ പോലെ വീതിയുള്ളതും വിശാലവുമല്ല. മൂന്നാം നിരയില്‍ മൂന്ന് മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വലിയ ക്വാര്‍ട്ടര്‍ ഗ്ലാസ്, പനോരമിക് സണ്‍റൂഫ്, തിയറ്റര്‍ പോലെ ഉയര്‍ത്തി നല്‍കിയ സീറ്റിംഗ് പൊസിഷന്‍ എന്നിവ മൂന്നാം നിര വിശാലമാണെന്ന് തോന്നിപ്പിക്കുന്നതാണ്. 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബുദ്ധിപരമായി രൂപകല്‍പ്പന ചെയ്ത സ്റ്റോറേജ് സ്പേസുകള്‍, എല്ലാ നിരകളിലും ഹീറ്റഡ് സീറ്റിംഗ് ഉള്‍പ്പെടെയുള്ള ചില ഫീച്ചറുകള്‍ ഡിഫെന്‍ഡര്‍ 130 വേരിയന്റിനെ കൂടുതല്‍ പ്രീമിയവും സൗകര്യപ്രദവുമാക്കുന്നു.

ഡാഷ്ബോര്‍ഡില്‍ 11.4 ഇഞ്ച് വലുപ്പമുള്ള വലിയ ‘പിവി പ്രോ’ ടച്ച്സ്‌ക്രീന്‍ കാണാം. ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ അപ്പര്‍ ടച്ച്സ്‌ക്രീന്‍, സെന്‍ട്രല്‍ ലോവര്‍ ടച്ച്സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്റലിജന്റ് ത്രീ-സ്‌ക്രീന്‍ സജ്ജീകരണത്തിന്റെ ഭാഗമാണിത്. ഇവ ഡ്രൈവറുടെ മുന്‍ഗണന അനുസരിച്ച് വ്യക്തിപരമാക്കാന്‍ കഴിയുമെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു. ഡ്രൈവറുടെ ശീലങ്ങള്‍ അടിസ്ഥാനമാക്കി പ്രസക്തമായ വിവരങ്ങളും ഫംഗ്ഷനുകളും സ്വയമേവ കാണിക്കുന്നതാണ് ഈ സ്‌ക്രീനുകള്‍.

3.0 ലിറ്റര്‍, 6 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ്, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ (പി300, പി400), ഡീസല്‍ (ഡി250, ഡി300) എന്നിവയായി എന്‍ജിന്‍ ഓപ്ഷനുകള്‍ തല്‍ക്കാലം പരിമിതപ്പെടുത്തും. എല്ലാ എന്‍ജിനുകളുമായി 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലാന്‍ഡ് റോവറിന്റെ തനത് ഐഎഡബ്ല്യുഡി (ഇന്റലിജന്റ് ഓള്‍ വീല്‍ ഡ്രൈവ്) സംവിധാനവും ചേര്‍ത്തുവെച്ചു. കൂടുതല്‍ കരുത്തുറ്റ വി8, പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ പിന്നീട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സ്‌പെക് മോഡലിന്റെ വേരിയന്റുകള്‍, എന്‍ജിനുകള്‍, ഫീച്ചറുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കാം.