Top Spec

The Top-Spec Automotive Web Portal in Malayalam

ഫോര്‍ഡ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും

ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ഗുജറാത്തിലെ സാനന്ദിലുള്ള ഫോര്‍ഡിന്റെ മാനുഫാക്ചറിംഗ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും. ഇതിനായി ടാറ്റ മോട്ടോഴ്സിന് കീഴിലെ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം അനുസരിച്ച്, ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ ഫോര്‍ഡ് ഇന്ത്യയുടെ സൗകര്യങ്ങളും, യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള വാഹന നിര്‍മാണ പ്ലാന്റും ടിപിഇഎംഎല്‍ ഏറ്റെടുക്കും. ഫോര്‍ഡിന്റെ യോഗ്യരായ ജീവനക്കാരെയും കൈമാറും.

അതേസമയം, ടിപിഇഎംഎല്ലില്‍ നിന്ന് ആവശ്യമായ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ പ്ലാന്റ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കും. വരും മാസങ്ങളില്‍, പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്ന പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും ടാറ്റ മോട്ടോഴ്സ് സ്ഥാപിക്കും. പാസഞ്ചര്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വേഗത്തിലാക്കുന്നതിന് ടാറ്റ മോട്ടോഴ്സിന്റെ നിലവിലുള്ള നിര്‍മാണ കേന്ദ്രത്തോട് ചേര്‍ന്നാണ് ഏറ്റെടുത്ത പ്ലാന്റ്.