ഇഡ്രൈവ്40 സ്‌പോര്‍ട്ട് വേരിയന്റിന് 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില
ബിഎംഡബ്ല്യു ഐ4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഡ്രൈവ്40 സ്‌പോര്‍ട്ട് എന്ന ഏക വേരിയന്റില്‍ മാത്രമാണ് ഇലക്ട്രിക് സെഡാന്‍ ലഭിക്കുന്നത്. 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
വ്യത്യസ്തമായ ഗ്രില്‍, വ്യത്യസ്തമായ ബംപറുകള്‍, എയ്റോ ഒപ്റ്റിമൈസ്ഡ് വീലുകള്‍ എന്നിവ ലഭിച്ചതാണ് ബിഎംഡബ്ല്യു ഐ4. എം എയറോഡൈനാമിക് ബംപറുകള്‍, 18 അല്ലെങ്കില്‍ 19 ഇഞ്ച് എം ലൈറ്റ് എയറോഡൈനാമിക് അലോയ് വീലുകള്‍, ഹൈ-ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ എം അലങ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എം എയറോഡൈനാമിക് കിറ്റ് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
ഏറ്റവും പുതിയ ഐഡ്രൈവ് 8 ഇന്റര്‍ഫേസ് സഹിതം 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാറിനുള്ളില്‍ നല്‍കി. ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, 17 സ്പീക്കറുകളോടെ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, റിവേഴ്‌സ് ക്യാമറ സഹിതം പാര്‍ക്കിംഗ് അസിസ്റ്റന്റ്, റിവേഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയവ ഫീച്ചറുകളാണ്.
പരമാവധി 335 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ബിഎംഡബ്ല്യു ഐ4 ഉപയോഗിക്കുന്നത്. 83.9 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്ക് കരുത്തേകുന്നു. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് ഒറ്റ പൂര്‍ണ ചാര്‍ജില്‍ പരമാവധി 590 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 5.7 സെക്കന്‍ഡ് മതിയെന്ന് ബിഎംഡബ്ല്യു അവകാശപ്പെട്ടു.
205 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 31 മിനിറ്റിനുള്ളില്‍ അല്ലെങ്കില്‍ 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 83 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ബാറ്ററി റീചാര്‍ജ് ചെയ്യാം. 11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് 8.25 മണിക്കൂര്‍ വേണം. കോംപ്ലിമെന്ററി വാള്‍ ബോക്സ് ചാര്‍ജര്‍ സഹിതമാണ് കാര്‍ വരുന്നത്. കാറിന് രണ്ട് വര്‍ഷം / അണ്‍ലിമിറ്റഡ് കിലോമീറ്ററും ബാറ്ററിക്ക് 8 വര്‍ഷം / 1,60,000 കിലോമീറ്ററും വാറന്റി ലഭിക്കും.