Top Spec

The Top-Spec Automotive Web Portal in Malayalam

സ്‌പോര്‍ട്ടിംഗ് ലക്ഷ്വറിക്ക് പുതിയ നിര്‍വചനവുമായി പുതിയ ആര്‍ആര്‍എസ്

മൂന്നാം തലമുറ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ആഗോളതലത്തില്‍ അനാവരണം ചെയ്തു

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്!! പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒന്ന് കോരിത്തരിക്കും. 2005 ല്‍ തുടങ്ങിയ ആര്‍ആര്‍ സ്‌പോര്‍ട്ടിന്റെ ജൈത്രയാത്ര ഇപ്പോള്‍ മൂന്നാം തലമുറയില്‍ എത്തിനില്‍ക്കുന്നു. ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് (എല്‍461) ആഗോളതലത്തില്‍ അനാവരണം ചെയ്തു. ചെറിയ തോതിലുള്ള വൈദ്യുതീകരണം, പുതിയ ഷാസി, വിവിധ സാങ്കേതികവിദ്യകള്‍, പുതിയ 8 സിലിണ്ടര്‍ എന്നിവയോടെയാണ് പുതിയ ആര്‍ആര്‍ സ്‌പോര്‍ട്ട് വരുന്നത്. സ്പോര്‍ട്ടി എസ്‌യുവിയുടെ ഓള്‍-ഇലക്ട്രിക് വേര്‍ഷന്‍ 2024 ല്‍ പുറത്തിറക്കുമെന്ന് കമ്പനി ഇതോടൊപ്പം വ്യക്തമാക്കി. മാത്രമല്ല, ഹൈ പെര്‍ഫോമന്‍സ് മോഡലിനും സാധ്യത കാണുന്നു. പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഇതിനകം ലാന്‍ഡ് റോവര്‍ ഇന്ത്യാ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തു. എസ്ഇ, എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍ എന്നീ വേരിയന്റുകളില്‍ ലഭിക്കും.

പുതിയ എംഎല്‍എ ഫ്‌ളെക്‌സ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കുന്നതിനാല്‍ മുന്‍ഗാമിയേക്കാള്‍ 35 ശതമാനം വരെ അധികം ടോര്‍ഷണല്‍ കാഠിന്യം നല്‍കുന്നതാണ് പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട്. ഇന്റഗ്രേറ്റഡ് ഷാസി കണ്‍ട്രോള്‍ സിസ്റ്റം നിയന്ത്രിക്കുന്ന നിരവധി ഹൈടെക് സംവിധാനങ്ങളുമായി ചേര്‍ന്നാണ് ഷാസി പ്രവര്‍ത്തിക്കുന്നത്. പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ വീല്‍ബേസ് മുന്‍ മോഡലിനേക്കാള്‍ 75 എംഎം വരെ വര്‍ധിച്ചു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, മോഡേണ്‍, സ്ലീക്ക് എസ്‌യുവിയാണ് പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട്. ബെല്‍റ്റ്‌ലൈന്‍, ഷോള്‍ഡര്‍ ലൈന്‍, സില്‍ ലൈന്‍ എന്നിവയെല്ലാം തനി റേഞ്ച് റോവര്‍ പ്രൊഫൈല്‍ എടുത്തുകാണിക്കുന്നു. അതേസമയം, കൂപ്പെ സമാനമായി അല്‍പ്പം ചെരിഞ്ഞ റൂഫ്‌ലൈന്‍ നല്‍കിയതോടെ റേഞ്ച് റോവറില്‍ നിന്ന് ആര്‍ആര്‍ സ്‌പോര്‍ട്ട് വ്യത്യസ്തനാകുന്നു. സ്ലിം ഡിജിറ്റല്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മുന്നിലും പിന്നിലും പുതുതായി രൂപകല്‍പ്പന ചെയ്ത ബംപര്‍, മുന്നില്‍ നീളം കുറഞ്ഞ ഓവര്‍ഹാംഗ്, സര്‍ഫസ് എല്‍ഇഡി സാങ്കേതികവിദ്യയുള്ള റിയര്‍ ലൈറ്റുകള്‍, പിറകില്‍ റാപ്പ്എറൗണ്ട് ബ്ലാക്ക് ട്രിം, ഇതുവരെയായി ഏതെങ്കിലുമൊരു റേഞ്ച് റോവറില്‍ ഘടിപ്പിച്ച ഏറ്റവും നീളമേറിയ സ്പോയ്‌ലര്‍ എന്നിവ പുറത്തെ ഹൈലൈറ്റുകളാണ്.

പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ അകം മുന്‍ തലമുറ മോഡലിനേക്കാള്‍ വിപുലമായി പരിഷ്‌കരിച്ചു. ലാന്‍ഡ് റോവറിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ റേഞ്ച് റോവറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് കോക്ക്പിറ്റ്. അതേസമയം, ഡാഷ്ബോര്‍ഡിലേക്ക് കയറി നില്‍ക്കുന്ന ഫ്‌ളോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, പുതിയ സ്റ്റിയറിംഗ് വളയം എന്നിവ സ്‌പോര്‍ട്ടിന് തന്റേതായ വ്യക്തിത്വം നല്‍കുന്നു. 13.7 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, 13.1 ഇഞ്ച് ‘പിവി പ്രോ’ സെന്‍ട്രല്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ഹബ് എന്നിവ ഡാഷ്ബോര്‍ഡില്‍ സജ്ജീകരിച്ചു. സുസ്ഥിരത സംബന്ധിച്ച്, പിയു അള്‍ട്രാഫാബ്രിക്സ് അപ്ഹോള്‍സ്റ്ററി ശ്രദ്ധേയമാണ്. അതേസമയം, ഗ്രെയിന്‍ഡ്, വിന്‍ഡ്സര്‍, സെമി-അനിലൈന്‍ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ആഡംബര തുകല്‍ ഓപ്ഷനുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. വാഹനത്തിനകത്ത് മൂണ്‍ലൈറ്റ് ക്രോം ഫിനിഷറുകള്‍ കാണാം.

അഡാപ്റ്റീവ് ഡൈനാമിക്‌സ് 2, സ്വിച്ചബിള്‍ വോളിയം എയര്‍ സ്പ്രിംഗുകള്‍, ട്വിന്‍ വാല്‍വ് അഡാപ്റ്റീവ് ഡാംപറുകള്‍ എന്നിവയോടെ ഡൈനാമിക് എയര്‍ സസ്പെന്‍ഷന്‍, 7.3 ഡിഗ്രി വരെ ടേണിംഗ് ആംഗിള്‍ സഹിതം റിയര്‍ വീല്‍ സ്റ്റിയറിംഗ്, ഇ-ആക്റ്റീവ് ഡിഫ്രന്‍ഷ്യല്‍, ടെറെയ്ന്‍ റെസ്പോണ്‍സ് 2, ഡൈനാമിക് റെസ്പോണ്‍സ് പ്രോ, പുതിയ അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് ലാന്‍ഡ് റോവറിന്റെ പുതിയ ഉല്‍പ്പന്നം വരുന്നത്. 29 സ്പീക്കറുകള്‍ സഹിതം 1,430 വാട്ട് മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ന്യൂ-ജെന്‍ ആക്റ്റീവ് നോയ്സ് കാന്‍സലേഷന്‍ സഹിതം ഹെഡ്റെസ്റ്റുകളില്‍ ബില്‍റ്റ്-ഇന്‍ സ്പീക്കറുകള്‍, ‘ക്ലിയര്‍സൈറ്റ്’ ഇന്‍സൈഡ് റിയര്‍വ്യൂ ക്യാമറ, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 15 വാട്ട് വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, അഡാസ് എന്നിവ മറ്റ് സവിശേഷതകളാണ്.

മൈല്‍ഡ് ഹൈബ്രിഡ് സഹിതം പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍, 4.4 ലിറ്റര്‍ വി8 പവര്‍ട്രെയ്ന്‍ എന്നിവ ഓപ്ഷനുകളാണ്. ഡി300 വേരിയന്റിലെ 2,997 സിസി, 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 296 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 218 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഡി350 വേരിയന്റിലെ 2,997 സിസി, 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 345 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമാണ്. 0-100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 234 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. പി400 വേരിയന്റിലെ 2,996 സിസി, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 395 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 5.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 242 കിലോമീറ്ററാണ് ടോപ് സ്പീഡ്. പി440ഇ പിഎച്ച്ഇവി വേരിയന്റിലെ 2,996 സിസി, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നത് 434 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമാണ്. 0-100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ 5.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 225 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. പി510ഇ പിഎച്ച്ഇവി വേരിയന്റിലെ 2,996 സിസി, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 503 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗതയിലെത്താന്‍ 5.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 242 കിലോമീറ്ററാണ് ടോപ് സ്പീഡ്. 523 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം പി530 വേരിയന്റിലെ 4,395 സിസി, വി8 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 0-100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. എല്ലാ എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എല്ലാ വേരിയന്റുകള്‍ക്കും ലഭ്യമാണ്.