Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയില്‍ പുതിയ സി-ക്ലാസിന്റെ എഴുന്നള്ളത്ത്

ഇന്ത്യ എക്‌സ് ഷോറൂം വില 55 ലക്ഷം രൂപ മുതല്‍

ബേബി എസ്-ക്ലാസ് എന്നാണ് മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ് അറിയപ്പെടുന്നത്. 1993 ല്‍ ആദ്യമായി ആഗോളതലത്തില്‍ അരങ്ങേറിയ സി-ക്ലാസ് ഇന്ത്യയിലും വലിയ വിജയമാണ് നേടിയത്. ഇന്ത്യയില്‍ ഇതുവരെയായി ഏകദേശം 37,000 യൂണിറ്റ് സി-ക്ലാസ് വില്‍ക്കാന്‍ മെഴ്‌സിഡസ് ബെന്‍സിന് കഴിഞ്ഞു. ഇപ്പോള്‍ അഞ്ചാം തലമുറ (ഡബ്ല്യു206) സി-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്. സി200, സി220ഡി, ടോപ് സ്‌പെക് സി300ഡി എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 55 ലക്ഷം രൂപയും 56 ലക്ഷം രൂപയും 61 ലക്ഷം രൂപയുമാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. ഇന്ത്യാ സ്‌പെക് മോഡല്‍ അനാവരണം ചെയ്ത മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ, ഇതിനകം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ 2022 മെഴ്സിഡസ് ബെന്‍സ് സി-ക്ലാസിന് ലഭിച്ചു.

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ എംബിയുഎക്‌സ് 7 കണക്റ്റിവിറ്റി, നാപ്പ തുകല്‍ പൊതിഞ്ഞ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, വിരലടയാളം, ശബ്ദം എന്നിവ ഉപയോഗിക്കാവുന്ന ബയോമെട്രിക് ഓതന്റിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതു തലമുറ മെഴ്സിഡസ് ബെന്‍സ് സി-ക്ലാസിന്റെ ഫീച്ചറുകള്‍.

MBC42732

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് പുതിയ സി-ക്ലാസിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. സി200 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 201 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും സി220ഡി ഡീസല്‍ എന്‍ജിന്‍ 197 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കും സി300ഡി ഡീസല്‍ എന്‍ജിന്‍ 261 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. കൂടെയുള്ള 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം പുറപ്പെടുവിക്കുന്നത് 20 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി.

21C0053_003

സെലനൈറ്റ് ഗ്രേ, മൊഹാവി സില്‍വര്‍, ഹൈടെക് സില്‍വര്‍, മാനുഫാക്ടര്‍ ഓപലൈറ്റ് വൈറ്റ്, കാവന്‍സൈറ്റ് ബ്ലൂ, ഒബ്‌സിഡിയന്‍ ബ്ലാക്ക് എന്നിവ ആറ് കളര്‍ ഓപ്ഷനുകളാണ്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി എ4, ജാഗ്വാര്‍ എക്സ്ഇ എന്നിവയാണ് പുതിയ സി-ക്ലാസിന്റെ എതിരാളികള്‍.


20C0673_091

20C0673_058

21C0053_030

21C0053_035