Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ഔഡി എ8 എല്‍ ബുക്കിംഗ് തുടരുന്നു

അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

പുതിയ എ8 എല്‍ ആഡംബര സെഡാന്റെ ബുക്കിംഗ് ഔഡി ഇന്ത്യ സ്വീകരിച്ചുതുടങ്ങി. 10 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. പുതിയ ഔഡി എ8 എല്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മുന്നിലും പിന്നിലും പരിഷ്‌കരിച്ച രൂപകല്‍പ്പനയോടെയാണ് പുതിയ എ8 എല്‍ വരുന്നത്. കൂടാതെ 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ബിഎംഡബ്ല്യു 7 സീരീസ്, മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് എന്നിവയായിരിക്കും എതിരാളികള്‍.

പുതിയ ഔഡി എ8 എല്‍ സെഡാന്റെ മുന്നില്‍ ക്രോം സ്റ്റഡ് പാറ്റേണ്‍ സഹിതം വലിയ സിംഗിള്‍ പീസ് ഗ്രില്‍ കാണാന്‍ കഴിയും. കൂടാതെ മുന്‍, പിന്‍ ബംപറുകളില്‍ കൂടുതല്‍ ക്രോം അലങ്കാരങ്ങള്‍ നല്‍കി. ചക്രങ്ങള്‍ക്ക് പുതിയ ഡിസൈന്‍ ലഭിച്ചു. ഹെഡ്‌ലാംപുകള്‍ കൂടുതല്‍ സ്ലീക്ക് ആണെന്ന് പറയാം. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നവീകരിച്ചു.

പുതിയ എംഐബി 3 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുതിയ ഔഡി എ8 എല്‍ സെഡാന്റെ വര്‍ച്വല്‍ കോക്ക്പിറ്റ് പ്രവര്‍ത്തിക്കുന്നത്. പിന്‍ നിര യാത്രക്കാര്‍ക്കായി റിക്ലൈനര്‍, മസാജ് ഫംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന ‘റിയര്‍ റിലാക്‌സേഷന്‍’ പാക്കേജ് ഔഡി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

നീളമേറിയ ബോണറ്റിന് കീഴില്‍, 3.0 ലിറ്റര്‍ വി6 ടിഎഫ്എസ്ഐ എന്‍ജിനാണ് കരുത്തേകുന്നത്. പരമാവധി 335 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം കൂടെ നല്‍കി. ഔഡിയുടെ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റമായ ക്വാട്രോ സ്റ്റാന്‍ഡേഡായി ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ജോലികള്‍ ചെയ്യുന്നത്.