Top Spec

The Top-Spec Automotive Web Portal in Malayalam

437 കിമീ റേഞ്ചുമായി ടാറ്റ നെക്സോണ്‍ ഇവി മാക്സ്

ഇന്ത്യ എക്‌സ് ഷോറൂം വില 17.74 ലക്ഷം രൂപ മുതല്‍

ഒറ്റ പൂര്‍ണ ചാര്‍ജില്‍ 312 കിലോമീറ്ററാണ് ടാറ്റ നെക്‌സോണ്‍ ഇവിയുടെ റേഞ്ച്. കൂടുതല്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ക്കായി നെക്‌സോണ്‍ ഇവിയുടെ പുതിയൊരു വേര്‍ഷന്‍ ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതിയായിരുന്നു. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മാക്‌സിമം എക്‌സ്പീരിയന്‍സ് നല്‍കുന്നതിന് 437 കിലോമീറ്റര്‍ റേഞ്ചും മുപ്പതിലധികം പുതിയ ഫീച്ചറുകളുമായി നെക്സോണ്‍ ഇവി മാക്സ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ് പ്ലസ് ലക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ ലോംഗ് റേഞ്ച് വേര്‍ഷന്‍ ലഭിക്കും. 17.74 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. നെക്‌സോണ്‍ ഇവി മാക്‌സ് മോഡലിന് മാത്രമായി പുതുതായി ഇന്റന്‍സി-ടീല്‍ എന്ന കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍. ഡുവല്‍-ടോണ്‍ ബോഡി കളര്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. എംജി സെഡ്എസ് ഇവി, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയാണ് എതിരാളികള്‍.

40.5 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് നെക്‌സോണ്‍ ഇവി മാക്‌സ് ഉപയോഗിക്കുന്നത്. 33 ശതമാനം ഉയര്‍ന്ന ബാറ്ററി ശേഷി. 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിങ്ക്രണസ് എസി മോട്ടോറിന് ഈ ബാറ്ററി പായ്ക്ക് കരുത്തേകും. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒറ്റ പൂര്‍ണ ചാര്‍ജില്‍ 437 കിലോമീറ്റര്‍ സഞ്ചരിക്കാം. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡില്‍ താഴെ സമയം മതി. മണിക്കൂറില്‍ 140 കിലോമീറ്ററായി ടോപ് സ്പീഡ് ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. ഐപി67 റേറ്റഡ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിനും മോട്ടോറിനും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റി ലഭ്യമാണ്.

3.3 കിലോവാട്ട് ചാര്‍ജര്‍ അല്ലെങ്കില്‍ 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് ചാര്‍ജ് ചെയ്യാന്‍ കഴിയും. രണ്ടാമത്തെ ചാര്‍ജര്‍ ഉപയോഗിച്ച് വാഹനം റീചാര്‍ജ് ചെയ്യുന്നതിന് 6.5 മണിക്കൂര്‍ വേണം. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 0-80 ശതമാനം റീചാര്‍ജ് ചെയ്യുന്നതിന് 56 മിനിറ്റ് മാത്രം മതി.

സിറ്റി, സ്പോര്‍ട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകളോടെയാണ് നെക്സോണ്‍ ഇവി മാക്സ് വരുന്നത്. ആക്റ്റീവ് മോഡ് കാണിക്കുന്ന പുതിയ ഡ്രൈവ് മോഡ് സെലക്ടര്‍ ഈ മോഡലില്‍ അവതരിപ്പിച്ചു. ലെതററ്റ് അപ്‌ഹോള്‍സ്റ്ററി, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 48 കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് സെഡ്കണക്റ്റ് ആപ്പ്.

4 ലെവലുകള്‍ സഹിതം മള്‍ട്ടി മോഡ് റീജനറേഷന്‍, റോഡിലെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഓട്ടോ ബ്രേക്ക് ലാംപുകള്‍ എന്നിവ ലഭിച്ചു. ഐ-വിബാക് (ഇന്റലിജന്റ്-വാക്വംലെസ് ബൂസ്റ്റ് ആന്‍ഡ് ആക്റ്റീവ് കണ്‍ട്രോള്‍) സഹിതം ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് സഹിതം ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവ സവിശേഷതകളാണ്.

എക്‌സ്‌സെഡ് പ്ലസ് …………….. 3.3 കിലോവാട്ട് …………. 17.74 ലക്ഷം രൂപ
എക്‌സ്‌സെഡ് പ്ലസ് ………… 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാര്‍ജര്‍ ………. 18.24 ലക്ഷം രൂപ
എക്‌സ്‌സെഡ് പ്ലസ് ലക്‌സ് …….. 3.3 കിലോവാട്ട് …… 18.74 ലക്ഷം രൂപ
എക്‌സ്‌സെഡ് പ്ലസ് ലക്‌സ് ………. 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാര്‍ജര്‍ …… 19.24 ലക്ഷം രൂപ