Top Spec

The Top-Spec Automotive Web Portal in Malayalam

വിപണി പിടിക്കാന്‍ അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (വിഎഎഎന്‍)

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (വിഎഎഎന്‍). അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നീ രണ്ട് ഇലക്ട്രിക് ബൈക്കുകള്‍ കമ്പനി ഇതിനകം വിപണിയിലെത്തിച്ചു. ആഗോള വിപണി ലക്ഷ്യമാക്കി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ലൈഫ്‌സ്റ്റൈല്‍ ഇ-ബൈക്കുകളാണ് അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നിവ. മലയാളിയായ ജിത്തു സുകുമാരന്‍ നായരാണ് വാന്‍ ഇലക്ട്രിക് മോട്ടോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും. യൂറോപ്യന്‍ കമ്പനികളുടെ സഹായസഹകരണത്തോടെയാണ് വാന്‍ മോട്ടോ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. ഇറ്റാലിയന്‍ കമ്പനിയായ ബെനെല്ലിയുടെ ബൈസൈക്ലിംഗ് വിഭാഗമായ ബെനെല്ലി ബൈസിക്ലറ്റാണ് അര്‍ബന്‍സ്‌പോര്‍ട്ട് മോഡലുകളുടെ ഡിസൈന്‍, എന്‍ജിനീയറിംഗ് എന്നിവ നിര്‍വഹിച്ചത്. ഇതോടൊപ്പം, കെടിഎം ഉടമസ്ഥതയിലുള്ള ഓസ്ട്രിയ ആസ്ഥാനമായ കിസ്‌കയാണ് വാന്‍ ഇലക്ട്രിക് മോട്ടോയുടെ ബ്രാന്‍ഡിംഗ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ (ഐക്മ) ഇരുവാഹനങ്ങളും പ്രദര്‍ശിപ്പിച്ച് ‘വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ്’ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

250 വാട്ട്, 45 എന്‍എം റിയര്‍ ഹബ് മോട്ടോര്‍, 5 ഇലക്ട്രോണിക് ഗിയര്‍ ലെവലുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മണിക്കൂറില്‍ 25 കിമീ പരമാവധി വേഗം, ‘സ്മാര്‍ട്ട് വാന്‍’ എല്‍സിഡി ഡിസ്‌പ്ലേ, ഷിമാനോ ടൂര്‍ണി 7 സ്പീഡ് ഡീറെയിലര്‍, കോംപാക്റ്റ് 6061 അലുമിനിയം യൂണിസെക്‌സ് ഫ്രെയിം, ബെനെല്ലി സാഡില്‍, 50-60 കിമീ പരമാവധി റേഞ്ച്, മുന്നില്‍ സ്പിന്നര്‍ യുഎസ്എ ഷോക്ക് അബ്സോര്‍ബര്‍, മുന്നിലും പിന്നിലും എല്‍സിഡി വഴി നിയന്ത്രിക്കാവുന്ന ലൈറ്റുകള്‍, ബെനെല്ലി ഹാന്‍ഡില്‍ബാര്‍, പ്രോടെക് ഹെഡ്‌സെറ്റ് എന്നിവ ഇരു മോഡലുകളും പങ്കുവെയ്ക്കുന്നു. അതേസമയം ബെനെല്ലിയുടെ ലൈറ്റ്‌വെയ്റ്റ് അലോയ് റിമ്മുകളില്‍ 20 ഇഞ്ച് സിഎസ്ടി ടയറുകളാണ് കൂടുതല്‍ സ്റ്റൈലിഷായ അര്‍ബന്‍സ്‌പോര്‍ട്ട് പ്രോ ഉപയോഗിക്കുന്നതെങ്കില്‍ ബെനെല്ലിയുടെ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ റിമ്മുകളില്‍ 20 ഇഞ്ച് സിഎസ്ടി ടയറുകളാണ് (സ്പോക്ക് വീലുകള്‍) അര്‍ബന്‍സ്‌പോര്‍ട്ടിനെ മുന്നോട്ട് നയിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചതും വ്യത്യസ്തമായാണ്. അര്‍ബന്‍സ്‌പോര്‍ട്ട് എന്ന ബേസ് വേരിയന്റില്‍ 15 കിലോയോളം ഭാരം വഹിക്കാന്‍ കഴിയുന്ന ക്യാരിയര്‍ കാണാം. പ്രോ വേരിയന്റിന് കുറച്ചുകൂടി സ്‌പോര്‍ട്ടി ലുക്ക് ലഭിച്ചു.

ഇന്ത്യയില്‍ 26, 27 ഇഞ്ച് ചക്രങ്ങള്‍ നല്‍കിയ സൈക്കിളുകളാണ് ജനപ്രിയമെങ്കിലും 20 ഇഞ്ചാണ് വാന്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തിരഞ്ഞെടുത്തത്. കാഴ്ച്ചയില്‍ ചെറുതെന്ന് തോന്നുമെങ്കിലും 130-140 കിലോഗ്രാം വരെ ഭാരമുള്ളവര്‍ക്ക് പോലും അനായാസം സഞ്ചരിക്കാന്‍ കഴിയും. കോംപാക്റ്റ് യൂണിസെക്‌സ് ഫ്രെയിം ഉപയോഗിച്ചതും സവിശേഷതയാണ്.

48 വോള്‍ട്ട്, 7.5 എഎച്ച്, റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് രണ്ട് വേരിയന്റുകളും ഉപയോഗിക്കുന്നത്. 2.5 കിലോഗ്രാം മാത്രമാണ് ബാറ്ററിയുടെ ഭാരം. മൂന്നര മുതല്‍ നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. പൂര്‍ണ ചാര്‍ജിംഗിന് അര യൂണിറ്റ് വൈദ്യുതി മാത്രം മതിയാകും. അതായത്, 60 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് 4 മുതല്‍ 5 രൂപ മാത്രമായിരിക്കും ചെലവ്. ഓവര്‍ചാര്‍ജിംഗ് ഒഴിവാക്കാന്‍ 14 സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുന്ന ബാറ്ററി മാനേജ്മെന്റ് സംവിധാനം സവിശേഷതയാണ്. ബാറ്ററി പായ്ക്ക് അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാനും കഴിയുമെന്നത് ഏറെ സൗകര്യമാണ്. ഓഫീസിലോ വീട്ടിനകത്തോ ബാറ്ററി പായ്ക്ക് മാത്രം കൊണ്ടുപോയി ചാര്‍ജ് ചെയ്യാം.

സിറ്റി റൈഡ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഹോസ്പിറ്റാലിറ്റി, റിസോര്‍ട്ട് വ്യവസായങ്ങളിലും അര്‍ബന്‍ ക്രൂസറായി വാന്‍ ഇലക്ട്രിക് മോട്ടോയുടെ അര്‍ബന്‍സ്‌പോര്‍ട്ട് സീരീസ് ഉപയോഗിക്കാന്‍ കഴിയും. 18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ഇ-ബൈക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീറ്റ് ഉയരം ക്രമീകരിക്കാം. ബാറ്ററി, മോട്ടോര്‍ ഉള്‍പ്പെടെ ആകെ 22 കിലോഗ്രാമാണ് ഇലക്ട്രിക് ബൈക്കുകളുടെ ഭാരം. അഞ്ച് ഡ്രൈവ് മോഡുകള്‍ സവിശേഷതയാണ്. പെഡല്‍ അസിസ്റ്റ് സഹിതം മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. വിവിധ മോഡുകള്‍ക്ക് അനുസരിച്ച് 50-60 കിമീ വരെ സഞ്ചരിക്കാം.

ഹെഡ്‌ലൈറ്റ്, ബോട്ടില്‍ ഹോള്‍ഡര്‍, മഡ് ഫ്‌ളാപ്പ്, ഇലക്ട്രിക് ഹോണ്‍, ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് ഉള്‍പ്പെടെ 6,000-7,000 രൂപയുടെ ആക്‌സസറികള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നതായി കമ്പനി അവകാശപ്പെടുന്നു. ഗിയര്‍ ലെവല്‍, ഓഡോമീറ്റര്‍, റൈഡിംഗ് സമയം, ശരാശരി വേഗത, പരമാവധി വേഗത എന്നിവ കാണിക്കുന്ന എല്‍സിഡി സ്‌ക്രീന്‍ സവിശേഷതയാണ്. മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഇതുവഴി പ്രവര്‍ത്തിപ്പിക്കാം.

ഇലക്ട്രിക് മോട്ടോര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ത്രോട്ടില്‍ റെസ്‌പോണ്‍സ് ഉഷാര്‍. സസ്‌പെന്‍ഷന്‍ സംവിധാനവും നല്ല രീതിയില്‍ പണിയെടുക്കുന്നു. സിംപിള്‍ പക്ഷേ പവര്‍ഫുള്ളാണ് വാന്‍ മോട്ടോയുടെ അര്‍ബന്‍സ്‌പോര്‍ട്ട് സീരീസ്. പെഡല്‍ അസിസ്റ്റ് സഹിതം 45 ഡിഗ്രി കയറ്റം സുഗമമായി താണ്ടും. നിര്‍മാണ നിലവാരം എടുത്തുപറയേണ്ടതാണ്.

അര്‍ബന്‍സ്പോര്‍ട്ട് വേരിയന്റിന് 59,999 രൂപയും അര്‍ബന്‍സ്പോര്‍ട്ട് പ്രോ വേരിയന്റിന് 69,999 രൂപയുമാണ് വില. സൈക്കിള്‍ വ്യവസായത്തിലെ പ്രീമിയം വാഹനഘടകങ്ങള്‍ ഉപയോഗിച്ചപ്പോഴും ഇരു മോഡലുകള്‍ക്കും മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. വൈറ്റ്, യെല്ലോ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. വാന്‍മോട്ടോ.കോം എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ടെസ്റ്റ് റൈഡ് സൗകര്യം ലഭ്യമാണ്. തല്‍ക്കാലം കമ്പനി നേരിട്ട് സര്‍വീസ് നടത്തും. അധികം വൈകാതെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. രണ്ട് വര്‍ഷ വാറന്റി വാഗ്ദാനം ചെയ്യുന്നു. കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ ഡെലിവറി ചെയ്യും. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ ഡെലിവറി ചെയ്യുന്നതിന് പരമാവധി രണ്ട് ദിവസം മാത്രം.