Top Spec

The Top-Spec Automotive Web Portal in Malayalam

ഹ്യുണ്ടായ് അയോണിക് 5 ഈ വര്‍ഷം ഇന്ത്യയിലെത്തും

2022 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ ഇന്ത്യാ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഇലക്ട്രിക് ക്രോസ്ഓവറായ അയോണിക് 5 ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ പ്രഖ്യാപിച്ചു. 2022 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ ഇന്ത്യാ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ഇന്ത്യയില്‍ ആറ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ വരെ നിരത്തിലിറക്കാനാണ് ഹ്യുണ്ടായ് ഇന്ത്യയുടെ പദ്ധതി. നിലവില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍ വിറ്റുവരുന്നു.

ഹ്യുണ്ടായുടെ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് അയോണിക് 5. ചതുരാകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും എല്‍ഇഡി ഹെഡ്‌ലാംപുകളും, ഫ്‌ളഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകള്‍, പിക്സലേറ്റഡ് ടെയില്‍ ലാംപുകള്‍ എന്നിവ വ്യതിരിക്തമായ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് വിശേഷങ്ങളാണ്.

അകത്ത്, നിരവധി ഇടങ്ങളില്‍ പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കും. വലിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ കൂടാതെ ക്യാബിനില്‍ ക്രമീകരിക്കാവുന്ന പിന്‍ നിര സീറ്റുകളോടെ സ്ലൈഡിംഗ് സെന്റര്‍ കണ്‍സോള്‍ ഉണ്ടായിരിക്കും.

ആഗോളതലത്തില്‍, 58 കിലോവാട്ട് ഔര്‍, 72.6 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് അയോണിക് 5 ലഭിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് അല്ലെങ്കില്‍ ഓള്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ ലഭ്യമാണ്. വെഹിക്കിള്‍-ടു-ലോഡ് (വി2എല്‍) ഫംഗ്ഷന്‍ സപ്പോര്‍ട്ട് ചെയ്യും. അതായത് കാറില്‍ നിന്ന് എക്‌സ്‌റ്റേണല്‍ പവര്‍ ഡിവൈസുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ കഴിയും.

ഇന്ത്യയില്‍ കിയ ഇവി6 അവതരിപ്പിക്കുമെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു. മെയ് 26 ന് പ്രീ-ബുക്കിംഗ് ആരംഭിക്കും. വരും മാസങ്ങളില്‍ ലോഞ്ച് ചെയ്യാനാണ് സാധ്യത.