Top Spec

The Top-Spec Automotive Web Portal in Malayalam

മെട്രോപൊളിറ്റന്‍ എഡിഷനില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി

എക്‌സ് ഷോറൂം വില 1.27 കോടി രൂപ മുതല്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. പ്രത്യേക പതിപ്പിനായി 7 സീറ്റര്‍ എസ്‌യുവിയുടെ അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. ഇതോടെ ഓണ്‍ റോഡ് അര്‍ബന്‍ അപ്പീല്‍ വര്‍ധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

ആര്‍-ഡൈനാമിക് എച്ച്എസ്ഇ വേരിയന്റ് അടിസ്ഥാനമാക്കിയാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഗ്രില്‍, ഡിസ്‌കവറി ബാഡ്ജിംഗ് എന്നിവിടങ്ങളില്‍ ‘ബ്രൈറ്റ് അറ്റ്‌ലസ്’ ഡീട്ടെയ്‌ലിംഗ് കാണാം. ബംപറിന്റെ താഴ്ഭാഗത്ത് ഹാകുബ സില്‍വര്‍ ഇന്‍സെര്‍ട്ടുകള്‍, 20 ഇഞ്ച് സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ വീലുകള്‍, ബ്ലാക്ക് ലാന്‍ഡ് റോവര്‍ ബ്രേക്ക് കാലിപറുകള്‍ എന്നിവ നല്‍കി.

മുന്നില്‍ സ്ലൈഡിംഗ് സണ്‍റൂഫ്, പിന്നില്‍ ഫിക്‌സഡ് പനോരമിക് റൂഫ്, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫോണ്‍ സിഗ്‌നല്‍ ബൂസ്റ്റര്‍ സഹിതം വയര്‍ലെസ് ചാര്‍ജിംഗ്, എയര്‍ പ്യൂരിഫയര്‍, മുന്നില്‍ കൂളര്‍ കമ്പാര്‍ട്ട്മെന്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, പിന്‍ നിരയില്‍ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, പവേര്‍ഡ് സീറ്റ് റിക്ലൈന്‍, ‘ടൈറ്റാനിയം മെഷ്’ ട്രിം ഡീട്ടെയ്‌ലിംഗ് എന്നിവ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷന്റെ അകത്തെ വിശേഷങ്ങളില്‍ ഉള്‍പ്പെടുന്നു.

3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പി360 പെട്രോള്‍ എന്‍ജിന്‍, 3.0 ലിറ്റര്‍, 6 സിലിണ്ടര്‍, ഡി300 ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് പരമാവധി 355 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് പരമാവധി 296 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.