Top Spec

The Top-Spec Automotive Web Portal in Malayalam

സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ ഉപയോഗിക്കാം

2021 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമം 2020 ഏഴാം ഭേദഗതി പ്രകാരമാണ് ഇവയുടെ ഉപയോഗം അനുവദിച്ചിരിക്കുന്നത്

സണ്‍ കണ്‍ട്രോള്‍ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായ അനുമതി. 2021 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമം 2020 ഏഴാം ഭേദഗതി പ്രകാരമാണ് ഇവയുടെ ഉപയോഗം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷനും ജോര്‍ജ് ആന്‍ഡ് സണ്‍സും ചേര്‍ന്ന് സംസ്ഥാന ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിനും നിവേദനം നല്‍കി. വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ നിയമ ഭേദഗതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഭേദഗതി അനുസരിച്ച്, അനുവദനീയ പരിധിയില്‍പ്പെടുന്ന ഗ്ലേസിംഗ് മെറ്റീരിയലുകളുടെ (ഫിലിമുകളുടെ) ഉപയോഗത്തിന്റെ പേരില്‍ വാഹന ഉടമകള്‍ക്കെതിരെ ഇനി പിഴ ചുമത്താനാവില്ല. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ടെക്നിക്കല്‍ റെഗുലേഷന്‍, 2008 മാര്‍ച്ചില്‍ അംഗീകരിച്ച പ്രമേയം അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ ഗ്ലേസിംഗ് മെറ്റീരിയലായി പ്ലാസ്റ്റിക് പാളികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രമേയത്തില്‍ ഇന്ത്യയും പങ്കാളിയായതിനാല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലും തത്തുല്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം സുതാര്യമായ സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ ഇത് അമ്പത് ശതമാനമാണ് അനുവദനീയം.

വേനല്‍ക്കാലങ്ങളില്‍ അസഹ്യമായ ചൂട് ചെറുക്കുന്നതിന് വാഹനങ്ങളില്‍ എസി കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു. ഇന്ധന വിലവര്‍ധന നേരിടുന്ന കാലത്ത് ഇത് അധിക ബാധ്യതയാണ്. കൂടാതെ അമിത ഇന്ധന ഉപയോഗം കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിപ്പിക്കുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും വിന്‍ഡ്‌സ്‌ക്രീന്‍, റിയര്‍ വിന്‍ഡോ എന്നിവയില്‍ ഗ്ലേസിംഗ് നല്‍കുമ്പോള്‍ എഴുപത് ശതമാനത്തില്‍ കുറയാത്ത സുതാര്യത വേണമെന്ന് ഭേദഗതിയിലെ ചട്ടം 100 വ്യക്തമാക്കുന്നു. സൈഡ് വിന്‍ഡോകളിലൂടെ അമ്പത് ശതമാനം പ്രകാശം കടന്നുപോകണം. 2019 ല്‍ ഭേദഗതി ചെയ്ത ഐഎസ് 2553 ചട്ടമനുസരിച്ച് അകത്ത് പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. സിഎംവി നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ അവിഷേക് ഗോയങ്കയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കില്ല. സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത്, ഐഎസ് 2553 അല്ലെങ്കില്‍ ചട്ടം 100 പ്രകാരം ഒരുതരത്തിലുമുള്ള ഫിലിമുകളുടെയും ഉപയോഗം അനുവദനീയമായിരുന്നില്ല.

2553 റിവിഷന്‍ 1:2019 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിംഗ് അഥവാ സണ്‍ കണ്‍ട്രോള്‍ ഫിലിം നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയായ ഗാര്‍വാറേ ഹൈ-ടെക് ഫിലിംസ് ലിമിറ്റഡ് ഗ്ലേസിംഗ് മെറ്റീരിയലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ പരിശോധനകളും നടത്തുന്നു. ഹരിയാണയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയിലാണ് പരിശോധനകള്‍. കാറിന്റെ വിന്‍ഡോകളില്‍ ഒട്ടിക്കുന്ന ഫിലിമില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ ഐഎസ് 2553, സിഎംവിആര്‍ ചട്ടം 100 എന്നിവയില്‍ നിര്‍ദേശിക്കുന്ന സുതാര്യത ഉണ്ടെന്ന് ഉറപ്പുവരുത്താം. വിപണിയില്‍ ലഭ്യമായ വിഎല്‍ടി മീറ്റര്‍ എന്ന ഉപകരണത്തിലൂടെയും ഇക്കാര്യം പരിശോധിക്കാം.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ആന്‍ഡ് സണ്‍സ് മാനേജിംഗ് ഡയറക്റ്റര്‍ എംകെ മുഹമ്മദ്, അസോസിയേറ്റ് ഡയറക്റ്റര്‍ രാജു ജോര്‍ജ്, കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (കാഡ്‌ഫെഡ്) സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാഫി, സംസ്ഥാന ട്രഷറര്‍ സുധീര്‍ ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.