Top Spec

The Top-Spec Automotive Web Portal in Malayalam

കണ്ടം വഴി ഓടില്ല, കാടും മേടും താണ്ടും; പുതിയ ബിഎംഡബ്ല്യു എഫ് 850 ജിഎസ് സീരീസ്

എക്സ് ഷോറൂം വില 12.50 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യു എഫ് 850 ജിഎസ്, എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ബൈക്കുകളുടെ ബിഎസ് 6 വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പൂര്‍ണമായി നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). ഇരു ബൈക്കുകളുടെയും ‘പ്രോ’ വേര്‍ഷന്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ജൂണ്‍ മാസത്തില്‍ ഡെലിവറി ആരംഭിക്കും. ഈ ബീമറുകള്‍ക്ക് യഥാക്രമം 12.50 ലക്ഷം രൂപയും 13.25 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

EP3_F850GS_VB_HE4A3260

മാറ്റങ്ങള്‍ പരിശോധിച്ചാല്‍, മുന്‍ഗാമികളേക്കാള്‍ പലവിധത്തില്‍ വളരെയധികം മെച്ചപ്പെടുത്തിയതാണ് പരിഷ്‌കരിച്ച എഫ് 850 ജിഎസ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍. സ്‌റ്റൈല്‍ റാലി പാക്കേജില്‍ (റേസിംഗ് ബ്ലൂ മെറ്റാലിക് കളര്‍) മാത്രമായിരിക്കും പുതിയ ബിഎംഡബ്ല്യു എഫ് 850 ജിഎസ് ലഭിക്കുന്നത്. അതേസമയം സ്‌റ്റൈല്‍ റാലി (കാലമറ്റ മെറ്റാലിക് മാറ്റ്), സ്‌റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക് (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ലഭ്യമാണ്. ഗോള്‍ഡന്‍ റിമ്മുകള്‍, ഗാല്‍വനൈസ്ഡ് റേഡിയേറ്റര്‍ കൗള്‍ എന്നിവ മോട്ടോര്‍സൈക്കിളുകളുടെ ആഡംബരം ഫീല്‍ ചെയ്യുന്നതാണ്.

EP3_F850GS_VB_HE4A3847

ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 853 സിസി, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ രണ്ട് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,250 ആര്‍പിഎമ്മില്‍ 95 എച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 92 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. റെയ്ന്‍, റോഡ്, ഡൈനാമിക്, എന്‍ഡ്യൂറോ എന്നീ നാല് റൈഡിംഗ് മോഡുകള്‍ ലഭ്യമാണ്.

BMWF850GSAdv_MY2022_Style Rallye_03_HE4A1206

പുതിയ ബിഎംഡബ്ല്യു എഫ് 850 ജിഎസ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റഡ് ആപ്പ് സഹിതം 6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേ നല്‍കി. കോര്‍ണറിംഗ് ഫംഗ്ഷന്‍ സഹിതം ബിഎംഡബ്ല്യു മോട്ടോറാഡ് എബിഎസ്, ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഈ ബീമറുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. ഡൈനാമിക് ഇഎസ്എ (ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റ്‌മെന്റ്) മറ്റൊരു സവിശേഷതയാണ്. ഈ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കായി നിരവധി യഥാര്‍ത്ഥ ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നു.