Top Spec

The Top-Spec Automotive Web Portal in Malayalam

മനം കവരാന്‍ ടാറ്റ കര്‍വ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ്

ഒറ്റ ചാര്‍ജില്‍ 400-500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ടാറ്റ മോട്ടോഴ്സ്

ടാറ്റ കര്‍വ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് അനാവരണം ചെയ്തു. നെക്സോണ്‍ കൂപ്പെ എന്ന പേരില്‍ പുതിയ മോഡല്‍ വിപണിയിലെത്താനാണ് സാധ്യത. രണ്ട് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ലളിതമായ മുഖഭാവത്തോടെയാണ് ടാറ്റ കര്‍വ് കണ്‍സെപ്റ്റ് വരുന്നത്. ഇവി ആയതിനാല്‍ പരമ്പരാഗതമായ ഗ്രില്‍ ഡിസൈന്‍ കാണാന്‍ കഴിയില്ല. ടാറ്റ ലോഗോയുടെ മുകളിലായി നീളത്തില്‍ നല്‍കിയ എല്‍ഇഡി സ്ട്രിപ്പിന്റെ രണ്ട് അറ്റത്തുമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സ്ഥാപിച്ചു. ബംപറിന്റെ വശങ്ങളില്‍ ത്രികോണാകൃതിയില്‍ ക്ലസ്റ്റര്‍ നല്‍കി. ഉല്‍പ്പാദന പതിപ്പില്‍ ഈ ഭാഗത്ത് ഹെഡ്‌ലാംപ് ഘടിപ്പിക്കും. പരമ്പരാഗത എയര്‍ ഡാമിന്റെ സ്ഥാനത്ത് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ്, ബംപറിന്റെ താഴ് ഭാഗത്ത് ബ്ലാക്ക് ഷേഡ് ഫിനിഷ് എന്നിവ നല്‍കി.

കൂപ്പെയുടേതിന് സമാനമായ ചെരിഞ്ഞ റൂഫ്‌ലൈന്‍, ഗ്ലോസ് ബ്ലാക്ക് സൈഡ് സില്ലുകള്‍, ഗ്ലോസ് ബ്ലാക്ക് വീല്‍ ആര്‍ച്ചുകള്‍, മുന്‍ ഡോറുകളില്‍ ഇവി ബാഡ്ജിംഗ്, വലിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, കറുത്ത റൂഫ്, പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍ക്ക് പകരമായി ക്യാമറകള്‍ എന്നിവ ടാറ്റ കര്‍വ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റിന് ലഭിച്ചു. സ്പ്ലിറ്റ് സ്പോയിലര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ബൂട്ട്ലിഡിന്റെ അതേ വീതിയിലായി എല്‍ഇഡി സ്ട്രിപ്പ്, പിറകിലെ ബംപറിന് ത്രികോണാകൃതിയുള്ള ഇന്‍സെര്‍ട്ടുകള്‍, ഡുവല്‍ ടോണ്‍ ബംപറിന്റെ താഴ് ഭാഗത്ത് ലൈറ്റ് എന്നിവ പിന്‍ഭാഗത്തെ വിശേഷങ്ങളാണ്.

2022 ടാറ്റ കര്‍വ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റിന്റെ അകത്ത് ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ കാണാം. ലളിതമായ ഡാഷ്ബോര്‍ഡ് ഡിസൈന്‍, 2 സ്പോക്ക് മള്‍ട്ടി ഫംഗ്ഷന്‍ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയ്ക്കായി രണ്ട് വലിയ ഫ്രീസ്റ്റാന്‍ഡിംഗ് സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, ഡുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്ലൂ തീം, എസി വെന്റുകള്‍ക്ക് ടച്ച് കണ്‍ട്രോളുകള്‍, ട്രാന്‍സ്മിഷനായി റോട്ടറി ഡയല്‍, ഡ്രൈവ് മോഡുകള്‍, മുന്‍ നിരയില്‍ ആം റെസ്റ്റ് എന്നിവ ലഭിച്ചു.

പവര്‍ട്രെയിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ പരിമിതമാണ്. ടാറ്റ കര്‍വ് ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുമ്പോള്‍ ഒറ്റ ചാര്‍ജില്‍ 400-500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനമായി പുതിയ മോഡല്‍ അരങ്ങേറും. ഐസിഇ വേര്‍ഷന്‍ പിന്നീട് പുറത്തിറക്കും.