Top Spec

The Top-Spec Automotive Web Portal in Malayalam

ഈരേഴ് പതിനാല് ലോകങ്ങള്‍ ചുറ്റാന്‍ 2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഡിസിടി

എയര്‍ബാഗ് സഹിതം 2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഡിസിടി മോട്ടോര്‍സൈക്കിളിന് 39.20 ലക്ഷം രൂപയാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില

2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2022 പതിപ്പിനായി ഹോണ്ട തങ്ങളുടെ ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ കാര്യമായി പരിഷ്‌കരിച്ചിട്ടില്ല. അതേസമയം ചെറിയ തോതില്‍ വില വര്‍ധിപ്പിക്കുകയും ഈ വര്‍ഷത്തേക്കായി മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദം ഒഴിവാക്കുകയും ചെയ്തു. എയര്‍ബാഗ് സഹിതം 2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ (ഡിസിടി) മോട്ടോര്‍സൈക്കിളിന് 39.20 ലക്ഷം രൂപയാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില. ഏകദേശം 4,000 രൂപ കൂടുതല്‍. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). ബുക്കിംഗ് ആരംഭിച്ചു. ബ്ലാക്ക്ഡ് ഔട്ട് എന്‍ജിന്‍ സഹിതം ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് ഏക കളര്‍ ഓപ്ഷനാണ്.

ഗോള്‍ഡ് വിംഗ് മോട്ടോര്‍സൈക്കിളിന്റെ എഡ്ജി, ഇംപോസിംഗ്, എലഗന്റ് സ്‌റ്റൈലിംഗ് അതേപോലെ തുടരുന്നു. നീണ്ട ഫീച്ചര്‍ പട്ടികയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയില്ല. ഓട്ടോ-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹിതം പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, നാവിഗേഷന്‍ സംവിധാനത്തോടെ 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡാഷ്, പാസഞ്ചര്‍ ഓഡിയോ കണ്‍ട്രോളുകളോടെ സ്പീക്കറുകള്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍ എന്നിവ ലഭിച്ചു. ക്രൂസ് കണ്‍ട്രോള്‍, ത്രോട്ടില്‍ ബൈ വയര്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, നാല് റൈഡിംഗ് മോഡുകള്‍ (ടൂര്‍, സ്പോര്‍ട്ട്, ഇക്കോ, റെയിന്‍) എന്നിവ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു.

പവര്‍പ്ലാന്റ് സംബന്ധിച്ചാണെങ്കില്‍, 1,833 സിസി, 6 സിലിണ്ടര്‍, 24 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ഭീമനെ മുന്നോട്ട് നയിക്കുന്നത്. ഈ മോട്ടോര്‍ പരമാവധി 124.7 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) ഘടിപ്പിച്ചു. ഡൈകാസ്റ്റ് അലുമിനിയം ട്വിന്‍ ബീം ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ ഡബിള്‍ വിഷ്‌ബോണ്‍, പിന്നില്‍ പ്രോ-ആം സ്വിംഗ്ആം എന്നിവ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു.

ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്ദോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ മാത്രം 2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഡിസിടി ലഭിക്കും.