Top Spec

The Top-Spec Automotive Web Portal in Malayalam

ചാട്ടുളി പോലെ പായാന്‍ പുതിയ ബിഎംഡബ്ല്യു എഫ് 900 എക്‌സ്ആര്‍

ഇന്ത്യാ എക്സ് ഷോറൂം വില 12.30 ലക്ഷം രൂപ

2022 ബിഎംഡബ്ല്യു എഫ് 900 എക്‌സ്ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ‘പ്രോ’ വേര്‍ഷന്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. 12.30 ലക്ഷം രൂപയാണ് അഡ്വഞ്ചര്‍ സ്പോര്‍ട്സ് ടൂററിന് ഇന്ത്യാ എക്സ് ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ജൂണില്‍ ഡെലിവറി ആരംഭിക്കും.

മുന്‍ഗാമിയുടെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ 2022 മോഡല്‍ നിലനിര്‍ത്തുന്നു. അതായത്, ട്വിന്‍ പോഡ് ഹെഡ്‌ലൈറ്റ്, സെമി ഫെയറിംഗ് ഡിസൈന്‍, ടിന്റഡ് വിന്‍ഡ്സ്‌ക്രീന്‍, എന്‍ജിന്‍ കൗള്‍, സ്റ്റെപ്പ് അപ്പ് സീറ്റ്, സൈഡ് സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവ 2022 എഫ് 900 എക്‌സ്ആര്‍ മോട്ടോര്‍സൈക്കിളില്‍ തുടര്‍ന്നും കാണാം. പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് എനേബിള്‍ഡ് 6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍, കീലെസ് റൈഡ്, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍, ഹീറ്റഡ് ഗ്രിപ്പുകള്‍ എന്നിവ ഇലക്ട്രോണിക് എയ്ഡുകളാണ്.

ബിഎസ് 6 പാലിക്കുന്ന 895 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 103.2 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 92 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് സ്പീഡ്.

ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭിക്കുന്ന ഓപ്ഷണല്‍ ഉപകരണങ്ങളും ഒറിജിനല്‍ ആക്‌സസറികളും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും. ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് വഴി ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം. മൂന്ന് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റി ലഭ്യമാണ്. അധിക തുക നല്‍കിയാല്‍ നാലും അഞ്ചും വര്‍ഷങ്ങളിലേക്ക് നീട്ടാന്‍ കഴിയും.