Top Spec

The Top-Spec Automotive Web Portal in Malayalam

കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും!

സ്‌കോഡ സ്ലാവിയ സെഡാന്റെ എക്‌സ് ഷോറൂം വില 10.69 ലക്ഷം രൂപ മുതല്‍

ഏറെ കാത്തിരുന്ന സ്‌കോഡ സ്ലാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.69 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ വേരിയന്റുകളുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ വേരിയന്റുകളുടെ വില മാര്‍ച്ച് മൂന്നിന് അറിയാം. സ്‌കോഡ റാപ്പിഡ് സെഡാന്റെ പിന്‍ഗാമിയെന്ന നിലയിലാണ് സ്‌കോഡ സ്ലാവിയ സെഡാന്‍ വരുന്നത്. ആക്റ്റിവ്, ആംബിഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും അഞ്ച് കളര്‍ ഓപ്ഷനുകളിലും സ്‌കോഡ സ്ലാവിയ ലഭിക്കും. മാരുതി സുസുകി സിയാസ്, ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, മാര്‍ച്ച് എട്ടിന് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തുന്ന ഫോക്സ്‌വാഗണ്‍ വര്‍ട്ടൂസ് എന്നിവയാണ് എതിരാളികള്‍.

കറുത്ത വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, ക്രോം സറൗണ്ട് എന്നിവയോടെ സവിശേഷ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, എല്‍ ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ഫോഗ് ലൈറ്റുകള്‍, കറുത്ത ബി, സി പില്ലറുകള്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ബൂട്ട് ലിഡില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് ഹോള്‍ഡര്‍, റിഫ്ളക്ടറുകള്‍, ക്രോം സ്ട്രിപ്പ് എന്നിവയോടെ റിയര്‍ ബംപര്‍, ബൂട്ട് ലിഡില്‍ ‘സ്‌കോഡ’ എഴുത്ത് എന്നിവ സ്‌കോഡ സ്ലാവിയയുടെ എക്സ്റ്റീരിയര്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്റ്റിവിറ്റി എന്നിവ സഹിതം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടു സ്പോക്ക് സ്റ്റിയറിംഗ് വളയം, ആംബിയന്റ് ലൈറ്റിംഗ്, ക്രൂസ് കണ്‍ട്രോള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍ എന്നിവ അകത്തെ വിശേഷങ്ങളാണ്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ എന്നിവയാണ് രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് പരമാവധി 114 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പരമാവധി 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് വലിയ മോട്ടോര്‍. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

1.0 ടിഎസ്‌ഐ ആക്റ്റിവ് എംടി 10.69 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ആംബിഷന്‍ എംടി 12.39 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ആംബിഷന്‍ എടി 13.59 ലക്ഷം രൂപ

1.0 ടിഎസ്‌ഐ സ്‌റ്റൈല്‍ എംടി (നോണ്‍ സണ്‍റൂഫ്) 13.59 ലക്ഷം രൂപ

1.0 ടിഎസ്‌ഐ സ്‌റ്റൈല്‍ എംടി 13.99 ലക്ഷം രൂപ

1.0 ടിഎസ്‌ഐ സ്‌റ്റൈല്‍ എടി 15.39 ലക്ഷം രൂപ