Top Spec

The Top-Spec Automotive Web Portal in Malayalam

മുഖം മിനുക്കി മാരുതി സുസുകി ബലേനോ

ഇന്ത്യ എക്‌സ് ഷോറൂം വില 6.35 ലക്ഷം രൂപ മുതല്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.35 ലക്ഷം രൂപ മുതലാണ് പ്രീമിയം ഹാച്ച്ബാക്കിന് ഇന്ത്യ എക്‌സ് ഷോറൂം വില. വലിയതോതില്‍ പുതുക്കിപ്പണിത എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ ഫീച്ചറുകള്‍, പുതിയ എന്‍ജിന്‍ എന്നിവയോടെയാണ് പുതിയ ബലേനോ വിപണിയിലെത്തുന്നത്. ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. 11,000 രൂപയാണ് ബുക്കിംഗ് തുക. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ മാരുതി സുസുകി ബലേനോ ഫേസ്‌ലിഫ്റ്റ് ലഭിക്കും. നെക്സ ബ്ലൂ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഓപ്യുലന്റ് റെഡ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ലക്സ് ബേഷ്, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് ആറ് കളര്‍ ഓപ്ഷനുകള്‍.

പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, യുവി-കട്ട് ഗ്ലാസ്, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, മുന്നിലും പിന്നിലും പുതിയ ബംപര്‍ എന്നിവ 2022 മാരുതി സുസുകി ബലേനോയുടെ ഡിസൈന്‍ സവിശേഷതകളാണ്. നീളം 3,990 എംഎം, വീതി 1,745 എംഎം, ഉയരം 1,500 എംഎം, വീല്‍ബേസ് 2,520 എംഎം എന്നിങ്ങനെയാണ് അഴകളവുകള്‍.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ‘സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ്’ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആമസോണ്‍ അലക്‌സ സപ്പോര്‍ട്ട്, വോയ്‌സ് കമാന്‍ഡ് സപ്പോര്‍ട്ട്, ‘സുസുകി കണക്റ്റ്’ കണക്റ്റഡ് കാര്‍ ടെക്, ഒടിഎ അപ്ഡേറ്റുകള്‍, ‘ആര്‍ക്കമിസ്’ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ക്രൂസ് കണ്‍ട്രോള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവ പുതിയ ബലേനോയുടെ അകത്തെ വിശേഷങ്ങളാണ്.

ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ മാരുതി സുസുകി ബലേനോയുടെ ഹൃദയം. ഈ മോട്ടോര്‍ പരമാവധി 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എംടി, എഎംടി വേരിയന്റുകള്‍ യഥാക്രമം 22.35 കിമീ, 22.94 കിമീ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സിഗ്മ എംടി 6.35 ലക്ഷം രൂപ

ഡെല്‍റ്റ എംടി 7.19 ലക്ഷം രൂപ

ഡെല്‍റ്റ എഎംടി 7.69 ലക്ഷം രൂപ

സീറ്റ എംടി 8.09 ലക്ഷം രൂപ

സീറ്റ എഎംടി 8.59 ലക്ഷം രൂപ

ആല്‍ഫ എംടി 8.99 ലക്ഷം രൂപ

ആല്‍ഫ എഎംടി 9.49 ലക്ഷം രൂപ