Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ പ്രസരിപ്പോടെ എംജി സെഡ്എസ് ഇവി ഫേസ്‌ലിഫ്റ്റ്

എക്സൈറ്റ് വേരിയന്റിന് 22 ലക്ഷം രൂപയും എക്സ്‌ക്ലൂസീവ് വേരിയന്റിന് 25.88 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 50.3 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് പരിഷ്‌കരിച്ച ഇലക്ട്രിക് എസ്‌യുവി ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഇപ്പോള്‍ 461 കിമീ സഞ്ചരിക്കാം

ഫേസ്‌ലിഫ്റ്റ് ചെയ്ത എംജി സെഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്സൈറ്റ് വേരിയന്റിന് 22 ലക്ഷം രൂപയും എക്സ്‌ക്ലൂസീവ് വേരിയന്റിന് 25.88 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എക്‌സ്‌ക്ലൂസീവ് വേരിയന്റ് ജൂലൈ മുതല്‍ മാത്രമായിരിക്കും ലഭിക്കുകയെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഫെറിസ് വൈറ്റ്, കറന്റ് റെഡ്, ആഷെന്‍ സില്‍വര്‍, സേബിള്‍ ബ്ലാക്ക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

50.3 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് പരിഷ്‌കരിച്ച എംജി സെഡ്എസ് ഇവി ഉപയോഗിക്കുന്നത്. 173 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇപ്പോള്‍ 461 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 7.4 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഒമ്പത് മണിക്കൂര്‍ വേണം. അതേസമയം, 50 കിലോവാട്ട് ചാര്‍ജറാണെങ്കില്‍ 0-80 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് 60 മിനിറ്റ് മതി.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ചാര്‍ജിംഗ് പോര്‍ട്ട് ഉള്‍പ്പെടുന്ന നവീകരിച്ച ഗ്രില്‍, എംജി ആസ്റ്റര്‍ എന്ന ഐസിഇ സഹോദരനില്‍ നിന്ന് കടമെടുത്ത പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ ആന്‍ഡ് ടെയ്ല്‍ ലൈറ്റുകള്‍, മുന്നിലും പിന്നിലും പുതുക്കിയ ബംപര്‍, പുതിയ 17 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയോടെയാണ് 2022 എംജി സെഡ്എസ് ഇവി വരുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 75 കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, പനോരമിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ, ക്രൂസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, എയര്‍ പ്യൂരിഫയര്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍, ആറ് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ പുതിയ എംജി സെഡ്എസ് ഇവിയുടെ അകത്തെ ഫീച്ചറുകളാണ്.

ആറ് എയര്‍ബാഗുകള്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, ടിപിഎംഎസ്, ഇബിഡി സഹിതം എബിഎസ്, ഇഎസ്‌സി, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നീ ഫീച്ചറുകള്‍ സുരക്ഷയൊരുക്കും.