Top Spec

The Top-Spec Automotive Web Portal in Malayalam

ബൈക്കുകളുടെ വില കൂടും; പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും

പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക് ഓട്ടോകളാക്കി മാറ്റുന്നതിന് 15,000 രൂപയുടെ സബ്‌സിഡി അനുവദിക്കും

സംസ്ഥാനത്ത് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിക്കും. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കുമെന്ന് നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതോടെ ബൈക്കുകളുടെ വില 2,000 രൂപ വരെ വര്‍ധിക്കും. ഇതുവഴി പ്രതിവര്‍ഷം 60 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു ലക്ഷത്തിന് താഴെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഷോറൂം വിലയുടെ 10 ശതമാനവും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വില വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 12 ശതമാനവുമാണ് നികുതി. പുതിയ ബജറ്റ് നിര്‍ദേശത്തോടെ ഇത് യഥാക്രമം 11 ശതമാനവും 13 ശതമാനവുമായി വര്‍ധിക്കും. പതിനഞ്ച് വര്‍ഷത്തേക്കാണ് റോഡ് നികുതി ഈടാക്കുന്നത്.

കൂടാതെ, പതിനഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതി അമ്പത് ശതമാനം വര്‍ധിപ്പിക്കും. പെട്രോള്‍, ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 400 രൂപയാണ് ഹരിത നികുതി. ഇതില്‍ 200 രൂപയുടെ വര്‍ധനയുണ്ടാകും. ഡീസല്‍ മൂന്നുചക്ര വാഹനങ്ങള്‍ക്കും ഇനി ഹരിത നികുതി നല്‍കേണ്ടി വരും. അതേസമയം ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കി. നികുതി വര്‍ധനയിലൂടെ ഏകദേശം പത്ത് കോടി രൂപയുടെ അധിക വരുമാനം കണക്കാക്കുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്.

നിലവിലെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക് ഓട്ടോകളാക്കി മാറ്റുന്നതിന് 15,000 രൂപയുടെ സബ്‌സിഡി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ അമ്പത് ശതമാനം വനിതകളായിരിക്കും. ഇതിനായി 15.55 കോടി രൂപ നീക്കിവെച്ചു. വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെ സബ്‌സിഡി നല്‍കും. പതിനായിരം ഇ-ഓട്ടോകള്‍ പുതുതായി നിരത്തുകളിലെത്തും.

കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി അഞ്ച് കോടി രൂപ വകയിരുത്തി. ടൂറിസം വകുപ്പ് വാടകയ്ക്ക് എടുക്കുന്നതും കരാറില്‍ ഏര്‍പ്പെടുന്നതുമായ കാരവനുകളുടെ നികുതി ചതുരശ്ര മീറ്ററിന് 1,000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു.

കെഎസ്ആര്‍ടിസിക്ക് ഇത്തവണയും 1,000 കോടി രൂപ അനുവദിച്ചു. ഡീസല്‍ ബസ്സുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന് 50 കോടി രൂപ വകയിരുത്തി. ചെക്ക് പോസ്റ്റുകള്‍ നവീകരിക്കുന്നതിന് 44 കോടി രൂപ നല്‍കും. മോട്ടോര്‍ വാഹനങ്ങളുടെ നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷം തുടരും. രണ്ട് കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ ലക്ഷ്യമിടുന്നു.

വാഹനയാത്രികര്‍ക്ക് യാത്രയ്ക്കിടെ വിശ്രമിക്കുന്നതിന് വിശ്രമ-വിനോദ കേന്ദ്രങ്ങള്‍ ആരംഭിക്കും. ദേശീയ, സംസ്ഥാന പാതകളുടെ ഓരത്തായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍. ആദ്യ ഘട്ടത്തില്‍ മുപ്പത് കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി രണ്ട് കോടി രൂപ നീക്കിവെച്ചു. കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ ആദ്യ ‘റെസ്റ്റ് സ്റ്റോപ്പ്’ നിലവില്‍ വരും. 200 കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. രണ്ട് മണിക്കൂര്‍ വിശ്രമിക്കാം. ഇന്ധന പമ്പുകള്‍, കുട്ടികള്‍ക്കായി പ്ലേ സ്റ്റേഷന്‍, ഹോട്ടല്‍-വിശ്രമ കേന്ദ്രങ്ങള്‍, റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, വാഹന പരിപാലന സൗകര്യങ്ങള്‍, ആധുനിക ശൗചാലയങ്ങള്‍, ആരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

ആറ് ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് സ്ഥലമെടുപ്പിനായി 200 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തി. ഗതാഗത മേഖലയുടെ വിഹിതം 1788.67 കോടി രൂപയായി ഉയര്‍ത്തി. ഗതാഗതതിരക്കേറിയ ഇരുപത് കവലകള്‍ കണ്ടെത്തി വികസിപ്പിക്കും.