Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ മൈബാഹ് എസ്-ക്ലാസ്; ആഡംബരത്തിന് പുതിയ മേല്‍വിലാസം

എസ്580 വേരിയന്റിന് 2.50 കോടി രൂപയും എസ്680 വേരിയന്റിന് 3.20 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

പുതിയ മെഴ്സിഡസ് മൈബാഹ് എസ്-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏഴാം തലമുറ മെഴ്‌സിഡസ് ബെന്‍സ് എസ്-ക്ലാസ് അടിസ്ഥാനമാക്കിയതാണ് പുതിയ മോഡല്‍. രണ്ട് വേരിയന്റുകളില്‍ ലഭിക്കും. എസ്580 4മാറ്റിക് വേരിയന്റിന് 2.50 കോടി രൂപയും എസ്680 4മാറ്റിക് വേരിയന്റിന് 3.20 കോടി രൂപയുമാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ഇവയില്‍ ആദ്യത്തേത് മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മിക്കുകയാണ്. രണ്ടാമത്തെ വേരിയന്റ് പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു (സിബിയു രീതി).

വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ സഹിതം സവിശേഷ ക്രോം ഗ്രില്‍ ലഭിച്ചതാണ് പുതു തലമുറ മൈബാഹ് എസ്-ക്ലാസ്. മെഴ്സിഡസ്-മൈബാഹ് ബ്രാന്‍ഡിംഗ്, ഹുഡില്‍ മെഴ്സിഡസ്-ബെന്‍സ് ലോഗോ എന്നിവ കാണാം. എല്‍ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ചതാണ് ഗ്രില്ലിന് ഇരുവശത്തുമുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍. ബംപറില്‍ ക്രോം ഇന്‍സര്‍ട്ടുകള്‍, ക്രോം വിന്‍ഡോ ലൈന്‍, 20 ഇഞ്ച് അലോയ് മോണോ-ബ്ലോക്ക് വീലുകള്‍, സി പില്ലറില്‍ മൈബാഹ് ലോഗോ, റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ബൂട്ട് ലിഡിലും പിറകിലെ ബംപറിലും ക്രോം ഇന്‍സര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകള്‍.

പവേര്‍ഡ് കംഫര്‍ട്ട് റിയര്‍ ഡോറുകള്‍, റിക്ലൈന്‍ ഫംഗ്ഷന്‍, മസാജ് ഫംഗ്ഷന്‍, ലെഗ് റെസ്റ്റുകള്‍, മടക്കാവുന്ന ട്രേകള്‍ എന്നിവയോടെ രണ്ടാം നിരയില്‍ രണ്ട് ഇന്‍ഡിവിജ്വല്‍ സീറ്റുകള്‍, ഷാംപെയ്ന്‍ ബോട്ടിലുകളും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും സൂക്ഷിക്കാന്‍ കഴിയുന്ന 10 ലിറ്റര്‍ റഫ്രിജറേറ്റര്‍, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, കാറിലെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് പിന്‍ നിരയിലെ ആം റെസ്റ്റില്‍ എംബിയുഎക്‌സ് ടാബ്‌ലറ്റ് എന്നിവ 2022 മെഴ്സിഡസ്-മൈബാഹ് എസ്-ക്ലാസിന്റെ അകത്തെ വിശേഷങ്ങളാണ്. പൂര്‍ണ ഡിജിറ്റലായ 12.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബിയുഎക്‌സ് കണക്റ്റിവിറ്റി, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കായി എയര്‍ബാഗ്, എയര്‍ സസ്പെന്‍ഷന്‍, റിയര്‍ വീല്‍ സ്റ്റിയറിംഗ്, ലെവല്‍ 3 ഓട്ടോണമി, നിരവധി ആക്റ്റിവ്, പാസീവ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവ മറ്റ് ചില ശ്രദ്ധേയ ഫീച്ചറുകളാണ്.

പുതു തലമുറ മെഴ്സിഡസ് മൈബാഹ് എസ്-ക്ലാസിന്റെ എസ്580 വേരിയന്റിന് കരുത്തേകുന്നത് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം സഹിതം 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണെങ്കില്‍ 6.0 ലിറ്റര്‍ വി12 പെട്രോള്‍ മോട്ടോറാണ് എസ്680 വേരിയന്റില്‍ തുടിക്കുന്നത്. ആദ്യത്തേത് പരമാവധി 496 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പരമാവധി 603 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം വലിയ എന്‍ജിന്‍ ട്യൂണ്‍ ചെയ്തു. രണ്ട് എന്‍ജിനുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ എസ്580 വേരിയന്റിന് 4.8 സെക്കന്‍ഡും എസ്680 വേരിയന്റിന് 4.5 സെക്കന്‍ഡും മതി. രണ്ട് വേരിയന്റുകളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി.