Top Spec

The Top-Spec Automotive Web Portal in Malayalam

ജനപ്രീതിയില്‍ കണ്ണുനട്ട് പുതിയ വാഗണ്‍ആര്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 5,39,500 രൂപ മുതല്‍

2022 മാരുതി സുസുകി വാഗണ്‍ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5,39,500 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നീ നാല് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭിക്കും. വിഎക്‌സ്‌ഐ വേരിയന്റ് മുതല്‍ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) അഥവാ എഎംടി ലഭിക്കും. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വേരിയന്റുകള്‍ക്ക് 1.0 ലിറ്റര്‍ എന്‍ജിന്‍ കരുത്തേകുമ്പോള്‍ സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് വേരിയന്റുകള്‍ ഉപയോഗിക്കുന്നത് 1.2 ലിറ്റര്‍ എന്‍ജിനാണ്. ഗാലന്റ് റെഡ്/ബ്ലാക്ക് റൂഫ്, മാഗ്മ ഗ്രേ/ബ്ലാക്ക് റൂഫ് എന്നീ രണ്ട് പുതിയ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ടോപ് സ്‌പെക് വേരിയന്റ് വാങ്ങാന്‍ കഴിയും.

മെക്കാനിക്കല്‍ കാര്യങ്ങള്‍ പരിശോധിച്ചാല്‍, 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച മാരുതി സുസുകി വാഗണ്‍ആര്‍ ലഭിക്കും. മാനുവല്‍, എജിഎസ്, സിഎന്‍ജി ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ പുതു തലമുറ കെ-സീരീസ് ഡുവല്‍ ജെറ്റ്, ഡുവല്‍ വിവിടി പെട്രോള്‍ എന്‍ജിന്‍ ലഭ്യമായിരിക്കും. 5,500 ആര്‍പിഎമ്മില്‍ 66 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 89 എന്‍എം ടോര്‍ക്കുമാണ് മാനുവല്‍ വേര്‍ഷനില്‍ ലഭിക്കുന്നതെങ്കില്‍ സിഎന്‍ജി മോഡില്‍ 3,400 ആര്‍പിഎമ്മില്‍ 82.1 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കും. അതേസമയം, ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യ സഹിതം 1.2 ലിറ്റര്‍ നൂതന കെ-സീരീസ് ഡുവല്‍ ജെറ്റ്, ഡുവല്‍ വിവിടി എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 4,400 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മാനുവല്‍, എജിഎസ് ഓപ്ഷനുകളില്‍ ഈ എന്‍ജിന്‍ ലഭ്യമാണ്.

പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ 1.0 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്ന ഇന്ധനക്ഷമത 25.19 കിലോമീറ്ററാണ് (വിഎക്‌സ്‌ഐ എജിഎസ്). വിപണി വിടുന്ന മോഡലിനേക്കാള്‍ ഏകദേശം 16 ശതമാനം കൂടുതല്‍. എസ്-സിഎന്‍ജി വേര്‍ഷനില്‍ ഒരു കിലോഗ്രാം സിഎന്‍ജി നിറച്ചാല്‍ 34.05 കിമീ സഞ്ചരിക്കാം. അതായത് പുറത്തുപോകുന്ന മോഡലിനേക്കാള്‍ ഏകദേശം അഞ്ച് ശതമാനം കൂടുതല്‍. 1.2 ലിറ്റര്‍ എന്‍ജിന്‍ തിരിച്ചുനല്‍കുന്നത് 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് (സെഡ്എക്‌സ്‌ഐ എജിഎസ്, സെഡ്എക്‌സ്‌ഐ പ്ലസ് എജിഎസ്). വിട പറയുന്ന മോഡലിനേക്കാള്‍ ഏകദേശം 19 ശതമാനം കൂടുതല്‍.

സ്പോര്‍ട്ടി ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈന്‍, ഡൈനാമിക് അലോയ് വീലുകള്‍ എന്നിവ 2022 മാരുതി സുസുകി വാഗണ്‍ആറിന് ലഭിച്ചു. ഇന്റീരിയറില്‍ ഇപ്പോള്‍ ഡുവല്‍ ടോണ്‍ ഓപ്ഷന്‍ ലഭ്യമാണ്. പ്രീമിയം ബേഷ്, ഡാര്‍ക്ക് ഗ്രേ മെലാഞ്ച് എന്നിവ ഉള്‍പ്പെടുന്നതാണ് സീറ്റ് ഫാബ്രിക് ഡിസൈന്‍. സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോയുടെ ഭാഗമായി നാല് സ്പീക്കറുകള്‍ നല്‍കി. കണക്റ്റഡ് ആന്‍ഡ് മോഡേണ്‍ ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിന് ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും.

ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് എജിഎസ് വേരിയന്റുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് പോലുള്ള ഫീച്ചറുകള്‍ പുതിയ വാഗണ്‍ആറില്‍ നല്‍കി. ഇരട്ട എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), മുന്‍ നിരയില്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ-സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

എല്‍എക്‌സ്‌ഐ: 5,39,500 രൂപ

എല്‍എക്‌സ്‌ഐ ടൂര്‍ എച്ച്3: 5,39,500 രൂപ

എല്‍എക്‌സ്‌ഐ എസ്-സിഎന്‍ജി: 6,34,500 രൂപ

എല്‍എക്‌സ്‌ഐ എസ്-സിഎന്‍ജി ടൂര്‍ എച്ച്3: 6,34,500 രൂപ

വിഎക്‌സ്‌ഐ: 5,86,000 രൂപ

വിഎക്‌സ്‌ഐ എജിഎസ്: 6,36,000 രൂപ

വിഎക്‌സ്‌ഐ എസ്-സിഎന്‍ജി: 6,81,000 രൂപ

1.2 സെഡ്എക്‌സ്‌ഐ എംടി: 5,99,600 രൂപ

1.2 സെഡ്എക്‌സ്‌ഐ എജിഎസ്: 6,49,600 രൂപ

1.2 സെഡ്എക്‌സ്‌ഐ പ്ലസ് എംടി: 6,48,000 രൂപ

1.2 സെഡ്എക്‌സ്‌ഐ പ്ലസ് എജിഎസ്: 6,98,000 രൂപ

1.2 സെഡ്എക്‌സ്‌ഐ പ്ലസ് എംടി ഡുവല്‍ ടോണ്‍ (ഓപ്ഷന്‍): 6,60,000 രൂപ

1.2 സെഡ്എക്‌സ്‌ഐ പ്ലസ് എജിഎസ് ഡുവല്‍ ടോണ്‍ (ഓപ്ഷന്‍): 7,10,000 രൂപ