Top Spec

The Top-Spec Automotive Web Portal in Malayalam

പിന്‍ നിരയിലെ മധ്യ സീറ്റിനും ത്രീ പോയന്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും

ഇതുവരെ പിന്‍ നിരയിലെ മധ്യഭാഗത്തെ സീറ്റിന് എയര്‍ക്രാഫ്റ്റ് ശൈലിയിലുള്ള സീറ്റ് ബെല്‍റ്റാണ് നല്‍കിയിരുന്നത്

എട്ട് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ ഉടന്‍ നിര്‍ബന്ധമാക്കുമെന്ന് ഈ വര്‍ഷമാദ്യമാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് പിന്‍ നിരയിലെ നടുവിലെ സീറ്റ് ഉള്‍പ്പെടെ എല്ലാ സീറ്റുകള്‍ക്കും ത്രീ പോയന്റ് സുരക്ഷാ ബെല്‍റ്റുകള്‍ പുതിയ പാസഞ്ചര്‍ വാഹനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുവരെ പിന്‍ നിരയിലെ മധ്യഭാഗത്തെ സീറ്റിന് എയര്‍ക്രാഫ്റ്റ് ശൈലിയിലുള്ള സീറ്റ് ബെല്‍റ്റാണ് നല്‍കിയിരുന്നത്. മറ്റെല്ലാ സീറ്റുകളിലും ത്രീ പോയന്റ് സുരക്ഷാ ബെല്‍റ്റ് സജ്ജീകരിച്ചു.

1959 ല്‍ വോള്‍വോ പിവി 544 കാറില്‍ വോള്‍വോയാണ് ആദ്യമായി ത്രീ പോയന്റ് ബെല്‍റ്റ് നല്‍കിതുടങ്ങിയത്. വിശാലമനസ്‌കരായ സ്വീഡിഷ് കാര്‍ നിര്‍മാതാക്കള്‍ പിന്നീട് ഈ സാങ്കേതികവിദ്യ മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് സൗജന്യമായി നല്‍കി. നില്‍സ് ബൊലിന്‍ വികസിപ്പിച്ച ത്രീ പോയന്റ് ബെല്‍റ്റ് ഇന്നത്തെ മിക്ക വാഹനങ്ങളിലും പിന്‍ നിരയിലെ മധ്യഭാഗത്തെ സീറ്റ് ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. മുന്‍ നിരയിലെ യാത്രക്കാര്‍ മാത്രമല്ല, പിന്നിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെങ്കില്‍ കാറുകളില്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുള്ള എയര്‍ബാഗുകള്‍ നല്‍കുന്ന സംരക്ഷണം ഫലപ്രദമല്ലാതാകും.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2020 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 20,885 മരണങ്ങള്‍ക്ക് കാരണമായത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണെന്നും രാജ്യത്തെ മൊത്തം റോഡപകട മരണങ്ങളില്‍ 13.82 ശതമാനത്തിന് കാരണം മറ്റൊന്നല്ല എന്നും കണ്ടെത്തിയിരുന്നു.

നിലവില്‍, ഓരോ വര്‍ഷവും 13.5 ലക്ഷം പേരാണ് റോഡപകടങ്ങളുമായി ബന്ധപ്പെട്ട് മരിക്കുന്നത്. കൂടാതെ 5 കോടിയോളം പേര്‍ക്ക് പരുക്കേല്‍ക്കുന്നു. ആഗോളതലത്തില്‍ ഇപ്പോള്‍ റോഡപകടങ്ങള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ മരണത്തിന്റെ എട്ടാമത്തെ പ്രധാന കാരണമാണ്. മാത്രമല്ല, 5 നും 29 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മരണകാരണങ്ങളില്‍ ഒന്നാമതാണ്.