Top Spec

The Top-Spec Automotive Web Portal in Malayalam

ഹ്യുണ്ടായ് ഡിസ്ട്രിബ്യൂട്ടറുടെ കശ്മീര്‍ പോസ്റ്റ്; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

ദക്ഷിണ കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

കശ്മീര്‍ സംബന്ധിച്ച ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ പാകിസ്ഥാനി ഡിസ്ട്രിബ്യൂട്ടറുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. വിഷയത്തില്‍ ദക്ഷിണ കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ചുങ് ഇയു-യോംഗും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലും വിഷയം കടന്നുവന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അദ്ദേഹം ഇങ്ങോട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയും നിഷാത് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമാണ് പാകിസ്ഥാനിലെ ഹ്യുണ്ടായ് മോട്ടോഴ്സ്. വിവാദത്തെ തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തു.

പാകിസ്ഥാനി ഡിസ്ട്രിബ്യൂട്ടറുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇന്ത്യയില്‍ വലിയ പ്രകോപനമാണ് സൃഷ്ടിച്ചത്. ദക്ഷിണ കൊറിയന്‍ കമ്പനിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ-ബോക്കിനെ വിളിച്ചുവരുത്തി ‘ഹ്യുണ്ടായ് പാകിസ്ഥാന്റെ അസ്വീകാര്യമായ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സര്‍ക്കാരിന്റെ കടുത്ത അതൃപ്തി’ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘ഇത് ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ടതാണ്, അതില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല,’ ബാഗ്ചി വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് ഹ്യുണ്ടായ് മോട്ടോര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നതായി ടെലിഫോണ്‍ സംഭാഷണത്തില്‍ ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതായി ബാഗ്ചി അറിയിച്ചു. ഉഭയകക്ഷി, ബഹുമുഖ പ്രശ്നങ്ങളും ഹ്യുണ്ടായ് കാര്യവും ചര്‍ച്ച ചെയ്തതായി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. സോളിലെ ഇന്ത്യന്‍ അംബാസഡര്‍ ഹ്യുണ്ടായ് ആസ്ഥാനവുമായി ബന്ധപ്പെടുകയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ജനങ്ങളോട് അഗാധമായ ഖേദം അറിയിക്കുകയും രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന ഹ്യുണ്ടായ് മോട്ടോഴ്‌സ് പുറത്തിറക്കിയെന്നും ബാഗ്ചി പറഞ്ഞു.

വിഷയത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രസ്താവന നടത്തി. ബിസിനസ് നയമെന്ന നിലയില്‍ കമ്പനി ഏതെങ്കിലും പ്രത്യേക പ്രദേശത്തെ രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനിലെ സ്വതന്ത്ര ഉടമസ്ഥതയിലുള്ള വിതരണക്കാരന്‍ അവരുടെ സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് കശ്മീരുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടാക്കിയത് ഹ്യുണ്ടായ് മോട്ടോറിന്റെ നയത്തിന് വിരുദ്ധമാണ്. പാകിസ്ഥാന്‍ വിതരണക്കാരനെ നടപടിയുടെ അനുചിതത്വം സംബന്ധിച്ച് ബോധവാന്മാരാക്കിയെന്നും ഹ്യുണ്ടായ് ബ്രാന്‍ഡ് ഐഡന്റിറ്റി ദുരുപയോഗം ചെയ്ത വിതരണക്കാരന്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ ഉപസ്ഥാപനം നടപടികള്‍ സ്വീകരിച്ചതായും ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയുമെന്നും വ്യക്തമാക്കി.