മെച്ചപ്പെട്ട റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പായ്ക്കിനൊപ്പം അകത്തും പുറത്തും ഏതാനും ശ്രദ്ധേയ മാറ്റങ്ങളോടെയാണ് പുതിയ സെഡ്എസ് ഇവി വരുന്നത്
ഫേസ്‌ലിഫ്റ്റ് ചെയ്ത എംജി സെഡ്എസ് ഇവി ഔദ്യോഗികമായി അനാവരണം ചെയ്തു. വരും ദിവസങ്ങളില്‍ വിപണി അവതരണം നടക്കും. വിവിധ ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. മെച്ചപ്പെട്ട റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പായ്ക്കിനൊപ്പം അകത്തും പുറത്തും ഏതാനും ശ്രദ്ധേയ മാറ്റങ്ങളോടെയാണ് പുതിയ സെഡ്എസ് ഇവി വരുന്നത്.

2022 എംജി സെഡ്എസ് ഇവിയുടെ സ്‌പെസിഫിക്കേഷനുകള്‍ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിലവിലെ 44.5 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കിന് പകരം കൂടുതല്‍ ശേഷിയുള്ള 51 കിലോവാട്ട് ഔര്‍ യൂണിറ്റ് നല്‍കാനാണ് സാധ്യത. പുതിയ മോഡല്‍ ഏകദേശം 480 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 419 കിലോമീറ്റര്‍ സഞ്ചരിക്കാം. 143 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

എംജി ആസ്റ്റര്‍ എസ്‌യുവിയുടെ ചില പുതിയ ഫീച്ചറുകള്‍ പുതിയ സെഡ്എസ് ഇവിയില്‍ നല്‍കും. നിലവിലെ 8.0 ഇഞ്ച് യൂണിറ്റിന് പകരം പുതിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയും. ഉയര്‍ന്ന വേരിയന്റുകളില്‍ ടച്ച്സ്‌ക്രീനിന് ചുറ്റും പുതുതായി കൃത്രിമ കാര്‍ബണ്‍ ഫൈബര്‍ ട്രിം ഉണ്ടായിരിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകള്‍ ആസ്റ്ററിന് സമാനമായിരിക്കും.
അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം), 360 ഡിഗ്രി ക്യാമറ എന്നിവ പുതിയ സെഡ്എസ് ഇവിയില്‍ നല്‍കുമെന്നാണ് കിംവദന്തി. നിലവിലെ അനലോഗ് ഡയലുകള്‍ക്ക് പകരം പുതിയ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും.

മുകളില്‍ സൂചിപ്പിച്ചതുപോലെ, അല്‍പ്പം മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ് സഹിതമാണ് പുതിയ എംജി സെഡ്എസ് ഇവി വരുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ മുന്‍വശത്ത്, ചാര്‍ജിംഗ് പോര്‍ട്ട് സഹിതം ശൂന്യമായ പുതിയ ഗ്രില്‍ ഏരിയ, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതുക്കിയ ബംപര്‍ എന്നിവ നല്‍കി. കൂടാതെ മുന്നിലെ ഫെന്‍ഡറുകളില്‍ ‘ഇലക്ട്രിക്’ ബാഡ്ജ് കാണാം. മാത്രമല്ല, പുതുതായി രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകള്‍ ശ്രദ്ധയില്‍പ്പെടും. പിന്‍ഭാഗത്ത്, പുതിയ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, പുതുക്കിയ ബംപര്‍ എന്നിവ ലഭിച്ചു.

നിലവിലേതുപോലെ എക്സൈറ്റ്, എക്സ്‌ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ എംജി സെഡ്എസ് ഇവി തുടര്‍ന്നും ലഭിക്കും. എന്നാല്‍ വില അല്‍പ്പം കൂടുതലായിരിക്കും. നിലവില്‍ 21.49 ലക്ഷം മുതല്‍ 25.18 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.