Top Spec

The Top-Spec Automotive Web Portal in Malayalam

എളുപ്പം വായ്പ: ഹീറോ ഇലക്ട്രിക്-ആക്‌സിസ് ബാങ്ക് സഹകരണം

ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയുടെ 750 ലധികം വരുന്ന ഡീലര്‍മാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാം

മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും എളുപ്പത്തില്‍ തടസരഹിതമായ റീട്ടെയ്ല്‍ വായ്പ ലഭ്യമാക്കുന്നതിന് ആക്‌സിസ് ബാങ്കുമായി ഹീറോ ഇലക്ട്രിക് പുതിയ പങ്കാളിത്തം സ്ഥാപിച്ചു. ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയുടെ 750 ലധികം വരുന്ന ഡീലര്‍മാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഇഷ്ടാനുസൃതമാക്കിയ വായ്പാ തുകയും കാലാവധിയും ആക്‌സിസ് ബാങ്ക് ലഭ്യമാക്കും. ഹീറോ ഇലക്ട്രിക് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഡോക്യുമെന്റേഷനില്‍ നിരവധി മൂല്യവര്‍ധിത സാമ്പത്തിക ആനുകൂല്യങ്ങളും ഈ സഹകരണത്തിലൂടെ ലഭിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ ആവശ്യകതയില്‍ വലിയ വര്‍ധന കാണുന്നതായും ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും തങ്ങളുടെ ഉപയോക്താക്കളുടെ ഇലക്ട്രിക് ഇരുചക്രവാഹന ഉടമസ്ഥതാ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പ്രസ്താവിച്ചു.

ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് അവരുടെ ഉപയോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മികച്ച സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സന്തോഷമുണ്ടെന്ന് ആക്‌സിസ് ബാങ്ക് റീട്ടെയ്ല്‍ ലെന്‍ഡിംഗ് ആന്‍ഡ് പെയ്‌മെന്റ്‌സ് തലവനും ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമായ സുമിത് ബാലി വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ മികച്ച റീട്ടെയ്ല്‍ ബാങ്കിംഗ് ശൃംഖല ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ അനുഭവം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.