Top Spec

The Top-Spec Automotive Web Portal in Malayalam

വിട പറഞ്ഞത് ഇരുചക്രവാഹനങ്ങളെ ജനകീയവല്‍ക്കരിച്ച വ്യവസായി

2021 ഏപ്രില്‍ 30 ന് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു

കഴിഞ്ഞ ദിവസമാണ് ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ എമിരിറ്റസ് രാഹുല്‍ ബജാജ് അന്തരിച്ചത്. 83 വയസ്സായിരുന്നു. ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹം ബജാജ് ചേതക് പോലുള്ള സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. ബജാജ് സ്‌കൂട്ടറുകളെ ഏവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നതില്‍ നിര്‍ണായകമായിരുന്നു അദ്ദേഹം കമ്പനിയുടെ തലപ്പത്തിരിക്കുമ്പോള്‍ വിഭാവനം ചെയ്ത ‘ഹമാര ബജാജ്’ കാമ്പെയ്ന്‍. 1972 മുതല്‍ ഏകദേശം 50 വര്‍ഷത്തോളം രാഹുല്‍ ബജാജ് കമ്പനിയെ നയിച്ചു. 2021 ഏപ്രില്‍ 30 ന് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 2001 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു. രാജ്യസഭാ എംപിയായും പ്രവര്‍ത്തിച്ചു.

രാഹുല്‍ ബജാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യന്‍ വ്യാവസായിക ഭൂമികയില്‍ അതികായനായി സഞ്ചരിച്ച വ്യക്തിയായിരുന്നു രാഹുല്‍ ബജാജ് എന്ന് വേണു ശ്രീനിവാസന്‍ അനുസ്മരിച്ചു. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായം സൃഷ്ടിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ഗുണനിലവാരത്തിന്റെയും സാങ്കേതികവിദ്യയുടെയും സംസ്‌കാരം സ്ഥാപിക്കുകയും ബിസിനസ്സില്‍ ഉയര്‍ന്ന സമഗ്രതയ്ക്കായി നിലകൊള്ളുകയും തന്റെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത മാര്‍ഗദര്‍ശിയായിരുന്നു അദ്ദേഹം. വേള്‍ഡ് ഇക്കണോമിക് ഫോറം, സിഐഐ തുടങ്ങി ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ രാഹുല്‍ ബജാജ് പ്രധാന പങ്ക് വഹിച്ചു. വളരെ ബഹുമാന്യനായ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവില്ലെന്ന് വേണു ശ്രീനിവാസന്‍ പറഞ്ഞു.