Top Spec

The Top-Spec Automotive Web Portal in Malayalam

സട കുടഞ്ഞ് പുതിയ ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ കൂപ്പെ

എക്‌സ് ഷോറൂം വില 1.44 കോടി രൂപ

പുതിയ ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,43,90,000 രൂപയാണ് എക്‌സ് ഷോറൂം വില. ലോകമെമ്പാടുമുള്ള ആഡംബര അനുഭവങ്ങളുടെ ശേഖരം പ്രദാനം ചെയ്യുന്ന ബിഎംഡബ്ല്യു എക്സലന്‍സ് ക്ലബ്ബില്‍ ഓള്‍ ന്യൂ എം4 കോമ്പറ്റീഷന്‍ കൂപ്പെ ഉപയോക്താക്കള്‍ക്ക് അംഗത്വം ലഭിക്കും. ബെസ്പോക്ക് ട്രാവല്‍, ദി ഹൈ ലൈഫ്, ഗ്രാന്‍ഡ്സ്റ്റാന്‍ഡ്, ബിഎംഡബ്ല്യു പ്രിവിലേജസ് എന്നീ നാല് പ്രധാന വിഭാഗങ്ങളാണ് ഈ പ്രോഗ്രാമിലുള്ളത്.

3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ കൂപ്പെയുടെ ഹൃദയം. ഈ മോട്ടോര്‍ 6,250 ആര്‍പിഎമ്മില്‍ 503 ബിഎച്ച്പി കരുത്തും 2,750-5,500 ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. കംഫര്‍ട്ട്, സ്‌പോര്‍ട്‌സ്, ട്രാക്ക് എന്നിവയ്ക്കായി പാകപ്പെടുത്തിയ മൂന്ന് ഡ്രൈവ് മോഡുകള്‍ ഓട്ടോമാറ്റിക്, മാനുവല്‍ മോഡുകളില്‍ ലഭ്യമായിരിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ 3.5 സെക്കന്‍ഡ് മാത്രം മതി.

തിരശ്ചീനമായി നല്‍കിയ ഇരട്ട ബാറുകളോടെ വലുതും ലംബമായി സ്ഥാപിച്ചതുമായ പ്രത്യേക എം ഗ്രില്‍, സ്റ്റാന്‍ഡേഡായി ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് സഹിതം അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവ നല്‍കി. സ്പോര്‍ട്ടി സ്വഭാവം വിളിച്ചോതുന്നതാണ് ഗ്ലോസ് ബ്ലാക്ക് ഒആര്‍വിഎമ്മുകള്‍. എയ്‌റോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത ഫിന്നുകള്‍, റിയര്‍ സ്പോയ്‌ലര്‍, രണ്ട് ജോഡി എക്സ്ഹോസ്റ്റ് ടെയില്‍പൈപ്പുകള്‍ എന്നിവയില്‍ ബ്ലാക്ക് ക്രോം ഫിനിഷ് കാണാം.

ഇന്റീരിയര്‍ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍, യാസ് മറീന ബ്ലൂ നിറത്തില്‍ എം ലെതര്‍ ‘മെറിനോ’, ക്യതാമി ഓറഞ്ച്, സില്‍വര്‍സ്റ്റോണ്‍ ഓപ്ഷനുകളില്‍ അപ്ഹോള്‍സ്റ്ററി കോമ്പിനേഷനുകളുടെ ഒരു ശ്രേണി തന്നെ പുതിയ എം4 വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് കോമ്പിനേഷനില്‍ ഈ ഓപ്ഷനുകള്‍ ലഭ്യമാണ്. വയര്‍ലെസ് ചാര്‍ജിംഗ് സഹിതം ടെലിഫോണി, ഹെഡ്-അപ്പ് ഡിസ്പ്ലേ, സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, മുന്നിലും പിന്നിലും സെന്‍സറുകളോടെ പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ സഹിതം അറ്റന്റ്റീവ്‌നെസ് അസിസ്റ്റന്റ് ഉള്‍പ്പെടെ ആക്റ്റീവ് പ്രൊട്ടക്ഷന്‍, പാര്‍ക്കിംഗ് അസിസ്റ്റന്റ് എന്നിവ ഫീച്ചറുകളാണ്. ഡ്രൈവിംഗ് അസിസ്റ്റന്റ്, പാര്‍ക്കിംഗ് അസിസ്റ്റന്റ് പ്ലസ്, കംഫര്‍ട്ട് ആക്‌സസ് സിസ്റ്റം, ജെസ്ചര്‍ കണ്‍ട്രോള്‍, സ്റ്റിയറിംഗ് ആന്‍ഡ് ലെയ്ന്‍ കണ്‍ട്രോള്‍ അസിസ്റ്റന്റ്, ബിഎംഡബ്ല്യു ഡ്രൈവ് റെക്കോര്‍ഡര്‍ എന്നിവ ഓപ്ഷണല്‍ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

സുരക്ഷ സംബന്ധിച്ച്, ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും ഹെഡ്, സൈഡ് എയര്‍ബാഗുകള്‍, പിന്‍ സീറ്റ് യാത്രികര്‍ക്കായി ഹെഡ് എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്‌സി), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (എഎസ്‌സി), എം ഡൈനാമിക് മോഡ് (എംഡിഎം), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍ (ഡിബിസി), ഡ്രൈ ബ്രേക്കിംഗ് ഫംഗ്ഷന്‍, ആക്റ്റീവ് എം ഡിഫ്രന്‍ഷ്യല്‍ എന്നിവ അധിക സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നതാണ് എം എക്‌സ്‌ഡ്രൈവ് സഹിതം ഡിഎസ്‌സി.

സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ, പോര്‍ട്ടിമാവോ ബ്ലൂ, ബ്ലാക്ക് സഫയര്‍, സാവോ പോളോ യെല്ലോ, ടൊറന്റോ റെഡ് എന്നീ മെറ്റാലിക് പെയിന്റ്‌വര്‍ക്കുകളില്‍ വാഹനം ലഭ്യമാണ്. അതേസമയം ആല്‍പൈന്‍ വൈറ്റ് എന്ന നോണ്‍ മെറ്റാലിക് പെയിന്റ്‌വര്‍ക്കിലും ലഭ്യമായിരിക്കും. കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ തേടുന്ന ഉപയോക്താക്കള്‍ക്ക് ടാന്‍സാനൈറ്റ് ബ്ലൂ, ഡ്രാവിറ്റ് ഗ്രേ, അവഞ്ചുറൈന്‍ റെഡ്, ഫ്രോസണ്‍ ബ്രില്യന്റ് വൈറ്റ്, ഫ്രോസണ്‍ പോര്‍ട്ടിമാവോ ബ്ലൂ തുടങ്ങിയ ഓപ്ഷണല്‍ പെയിന്റ് ഫിനിഷുകളില്‍ എം4 കോമ്പറ്റീഷന്‍ കൂപ്പെ സ്വന്തമാക്കാം. ഫ്രോസണ്‍ ഓറഞ്ച്, ഫ്രോസണ്‍ ബ്ലാക്ക്, ഫ്രോസണ്‍ ഡീപ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ മറ്റ് ഓപ്ഷണല്‍ ‘ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ സ്‌പെഷല്‍’ പെയിന്റ്‌വര്‍ക്കുകള്‍ ലഭിക്കും.