Top Spec

The Top-Spec Automotive Web Portal in Malayalam

ആദ്യ യൂണിറ്റ് കിയ കാറന്‍സ് പ്ലാന്റിന് പുറത്ത്

ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കിയ കാറന്‍സ് നിര്‍മിച്ചുതുടങ്ങി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ നിന്ന് ആദ്യ യൂണിറ്റ് കിയ കാറന്‍സ് പുറത്തെത്തിച്ചു. ജനുവരി 14 ന് പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ടോക്കണ്‍ തുക. മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രീ-ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ മികച്ച പ്രതികരണമാണ് കിയ കാറന്‍സിന് ലഭിച്ചത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 7,738 പ്രീ-ബുക്കിംഗ് നേടാന്‍ കഴിഞ്ഞു.

പുതിയ കാലത്തെ ഉപയോക്താക്കളുടെ ആവശ്യകതകള്‍ക്ക് അനുസൃതമായാണ് കിയ കാറന്‍സ് കൊണ്ടുവരുന്നതെന്ന് കിയ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ & സിഇഒ ടെയ്-ജിന്‍ പാര്‍ക്ക് പറഞ്ഞു. ഈ പുതിയ യാത്രയുടെ തുടക്കത്തില്‍ താന്‍ വളരെ ആവേശത്തിലാണ്. ഇന്ത്യയില്‍ കിയ അവതരിപ്പിക്കുന്ന നാലാമത്തെ ഉല്‍പ്പന്നമാണ് കാറന്‍സ്. ആധുനിക ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന് തങ്ങളുടെ വിവിധ സംഘങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തി. ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകള്‍, വ്യതിരിക്ത ഡിസൈന്‍ ഐഡന്റിറ്റി, സമാനതകളില്ലാത്ത ഉടമസ്ഥതാ അനുഭവം എന്നിവയാണ് ഉപയോക്താക്കള്‍ കിയയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഇവയെല്ലാം കിയ കാറന്‍സില്‍ പ്രതിഫലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലും 6 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലും കിയ കാറന്‍സ് ലഭ്യമായിരിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയാണ് മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡായി ലഭിക്കും. 1.4 ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം 7 സ്പീഡ് ഡിസിടി, ഡീസല്‍ എന്‍ജിന്റെ കൂടെ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവ ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു.