Top Spec

The Top-Spec Automotive Web Portal in Malayalam

കിയ കാറന്‍സ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 15 ന് കിയ കാറന്‍സ് എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ഈ മാസം 15 ന് കാറന്‍സ് എംപിവി വിപണിയില്‍ അവതരിപ്പിക്കുമെന്ന് കിയ ഇന്ത്യ പ്രഖ്യാപിച്ചു. മൂന്നുനിര സീറ്റുകളോടെ വരുന്ന കിയ കാറന്‍സ് ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ മാസം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. അഞ്ച് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളില്‍ കിയ കാറന്‍സ് ലഭ്യമായിരിക്കും.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, റൂഫില്‍ സ്ഥാപിച്ച എസി വെന്റുകള്‍, രണ്ടാം നിര സീറ്റുകള്‍ക്കായി റിക്ലൈന്‍ ഫംഗ്ഷന്‍ സഹിതം വണ്‍ ടച്ച് ഇലക്ട്രിക് ടംബിള്‍ ഫംഗ്ഷന്‍ എന്നിവയാണ് കിയ കാറന്‍സിന്റെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. വിപണി അവതരണത്തിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളില്‍ കിയ കാറന്‍സ് എത്തിതുടങ്ങി.