Top Spec

The Top-Spec Automotive Web Portal in Malayalam

കിയ കാറന്‍സ് ജൈത്രയാത്ര തുടങ്ങി; ആദ്യ ദിനം 7,738 ബുക്കിംഗ്

ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും 25,000 രൂപ നല്‍കി ബുക്കിംഗ് നടത്താം

ജനുവരി 14 നാണ് ഇന്ത്യയില്‍ കിയ കാറന്‍സ് വാഹനത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 7,738 ബുക്കിംഗ് നേടി ഇന്ത്യയില്‍ മറ്റൊരു കിയ മോഡല്‍ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. മൂന്ന് നിര സീറ്റുകളോടുകൂടി വരുന്ന വാഹനമാണ് കിയ കാറന്‍സ്. ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും 25,000 രൂപ നല്‍കി ബുക്കിംഗ് നടത്താന്‍ കഴിയും.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് കാറന്‍സ്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിലും എട്ട് കളര്‍ ഓപ്ഷനുകളിലും മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും കിയ കാറന്‍സ് ലഭ്യമായിരിക്കും. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, ‘ബോസ്’ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, പിന്‍ നിര സീറ്റുകള്‍ക്കായി റൂഫില്‍ സ്ഥാപിച്ച എസി വെന്റുകള്‍, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, രണ്ടാം നിര സീറ്റുകള്‍ക്കായി വണ്‍ ടച്ച് ഇലക്ട്രിക് ടംബിള്‍ ഫംഗ്ഷന്‍ എന്നിവയാണ് കിയ കാറന്‍സിന്റെ പ്രധാന ഫീച്ചറുകള്‍.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ കിയ കാറന്‍സ് ലഭ്യമായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ പരമാവധി 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 138 ബിഎച്ച്പി കരുത്തും 242 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലഭ്യമായിരിക്കും.

പ്രീ-ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച മികച്ച പ്രതികരണത്തില്‍ സന്തുഷ്ടരാണെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ ഏതൊരു ഉല്‍പ്പന്നത്തിനും ലഭിച്ച ഏറ്റവും ഉയര്‍ന്ന ആദ്യ ദിന ബുക്കിംഗാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. സ്റ്റാന്‍ഡേഡായി 10 ‘ഹൈ സേഫ്റ്റി’ പാക്കേജ്, നിരവധി ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകള്‍, ഒന്നിലധികം എന്‍ജിന്‍ & ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവ കിയ കാറന്‍സില്‍ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ നൂതനവും സുരക്ഷിതവുമായ ഫാമിലി മൂവര്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കിയ കാറന്‍സ് അനുയോജ്യമായിരിക്കും. കിയ ബ്രാന്‍ഡില്‍ ഉപയോക്താക്കള്‍ കാണിക്കുന്ന വിശ്വാസം സന്തോഷം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.