Top Spec

The Top-Spec Automotive Web Portal in Malayalam

സ്‌കോഡ കോഡിയാക്ക് റിട്ടേണ്‍സ്!

എക്സ് ഷോറൂം വില 34.99 ലക്ഷം രൂപ മുതല്‍

സ്‌കോഡ കോഡിയാക്ക് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. സ്‌റ്റൈല്‍, സ്പോര്‍ട്ട്‌ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലമന്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത 7 സീറ്റര്‍ എസ്‌യുവി ലഭിക്കും. യഥാക്രമം 34.99 ലക്ഷം രൂപയും 35.99 ലക്ഷം രൂപയും 37.49 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. മൂണ്‍ വൈറ്റ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ മെറ്റാലിക്, റേസ് ബ്ലൂ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക് എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. പരിഷ്‌കരിച്ച ബാഹ്യ രൂപകല്‍പ്പന, അകത്ത് പുതിയ ഫീച്ചറുകള്‍, ഡീസല്‍ ഒഴിവാക്കി പെട്രോള്‍ എന്‍ജിന്‍ എന്നിവയോടെയാണ് 2022 സ്‌കോഡ കോഡിയാക്ക് വരുന്നത്.

വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, ക്രോം സറൗണ്ട് എന്നിവ സഹിതം സവിശേഷ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, പുതിയ 18 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍ എന്നിവയാണ് പുറമേ കാണുന്ന പരിഷ്‌കാരങ്ങള്‍.

പനോരമിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 2 സ്പോക്ക് സ്റ്റിയറിംഗ് വളയം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ‘സ്മാര്‍ട്ട്ലിങ്ക്’ കണക്റ്റിവിറ്റി എന്നിവ സഹിതം 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, കൂളിംഗ്, ഹീറ്റിംഗ്, മെമ്മറി ഫംഗ്ഷനുകള്‍ സഹിതം 12 വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ നിര സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, 12 സ്പീക്കറുകളോടെ കാന്റണ്‍ മ്യൂസിക് സിസ്റ്റം (625 വാട്ട്), വയര്‍ലെസ് ചാര്‍ജിംഗ്, ബൂട്ട് തുറക്കുന്നതിന് വര്‍ച്വല്‍ പെഡല്‍ എന്നിവയാണ് പുതിയ കോഡിയാക്കിന്റെ ഫീച്ചറുകള്‍.

ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കിയതോടെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് 2022 സ്‌കോഡ കോഡിയാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ പരമാവധി 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. 4 വീല്‍ ഡ്രൈവ് സിസ്റ്റം നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും. ഒമ്പത് എയര്‍ബാഗുകള്‍, ഡൈനാമിക് ഷാസി കണ്‍ട്രോള്‍, എംബിഎ, എച്ച്ബിഎ, എംകെബി, എഎസ്ആര്‍, ഇഡിഎസ്, എബിഎസ്, ഇബിഡി, ഇഎസ്‌സി, ടിപിഎംഎസ്, എച്ച്എച്ച്സി, എച്ച്ഡിസി തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.