Top Spec

The Top-Spec Automotive Web Portal in Malayalam

ഇക്യുഎസ് ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മെഴ്‌സിഡസ്

2022 മാര്‍ച്ചില്‍ മൈബാഹ് എസ്-ക്ലാസ് അവതരിപ്പിക്കും

ഇന്ത്യയില്‍ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് തദ്ദേശീയമായി നിര്‍മിക്കും. 2022 നാലാം പാദത്തില്‍ ഓള്‍ ഇലക്ട്രിക് വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് വര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് ഇവി സെഗ്മെന്റിനെ നയിക്കാനാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്.

ആഗോള വിതരണ ശൃംഖലകളിലും ബിസിനസ് അന്തരീക്ഷത്തിലും കൊവിഡ് മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങളും നിലവിലുള്ള തടസ്സങ്ങളും കണക്കിലെടുത്തായിരിക്കും നാലാം പാദത്തില്‍ തദ്ദേശീയമായി ഇക്യുഎസ് അസംബ്ലി ആരംഭിക്കുന്നത്. ആഡംബര ഇവി സെഗ്മെന്റില്‍ മികച്ച വില്‍പ്പന നേടുന്നതിന് തദ്ദേശീയമായി അസംബിള്‍ ചെയ്ത ഇക്യുഎസ് സഹായിക്കുമെന്ന് മാര്‍ട്ടിന്‍ ഷ്വെങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന മോഡലുകളേക്കാള്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യുന്ന ഇക്യുഎസ് ഉള്‍പ്പെടെ വില കുറച്ച് വില്‍ക്കാന്‍ മെഴ്സിഡസിന് കഴിയും. ഇത്തരത്തില്‍ ലാഭിക്കുന്ന തീരുവകള്‍ തീര്‍ച്ചയായും ഉപയോക്താക്കളുടെ പോക്കറ്റുകളില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

2021 ല്‍ 11,242 യൂണിറ്റ് ഡെലിവറി ചെയ്തതായി മാര്‍ട്ടിന്‍ ഷ്വെങ്ക് അറിയിച്ചു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 42.5 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. എന്നാല്‍ കൊവിഡ് 19 മഹാമാരിക്ക് മുമ്പുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ കണക്കുകള്‍ കുറവാണ്. 2017, 2018 വര്‍ഷങ്ങളില്‍ ഏകദേശം 15,000 യൂണിറ്റ് വീതം വില്‍പ്പന നടത്താന്‍ കഴിഞ്ഞിരുന്നു. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയുടെ ആഡംബര കാര്‍ സെഗ്മെന്റില്‍ ഏകദേശം 41 ശതമാനം വിപണി വിഹിതം നേടിയതായി കമ്പനി വ്യക്തമാക്കി.

2021 ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മെഴ്സിഡസ് മോഡലായി ലോംഗ് വീല്‍ബേസ് ഇ-ക്ലാസ് മാറി. ജിഎല്‍സിയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ എസ്‌യുവി. എ-ക്ലാസ് ലിമോസിന്‍, എസ്-ക്ലാസ് ലക്ഷ്വറി സെഡാനുകള്‍, ജിഎല്‍എ, ജിഎല്‍ഇ, ജിഎല്‍എസ് എസ്‌യുവികളും മികച്ച വില്‍പ്പന നേടിക്കൊടുത്തു. എഎംജി സെഗ്മെന്റില്‍ 100 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചെങ്കിലും ചില സിബിയു മോഡലുകള്‍ നീണ്ട വെയിറ്റ്ലിസ്റ്റില്‍ തുടരുകയാണ്. ആകെ ഓര്‍ഡര്‍ ബാങ്കില്‍ 3,000 യൂണിറ്റുകളില്‍ കൂടുതലാണ് ഡെലിവറി ചെയ്യാനായി ബാക്കിയുള്ളത്.

2022 ല്‍ പ്രധാന നഗരങ്ങളില്‍ പുതിയ എഎംജി പെര്‍ഫോമന്‍സ് സെന്ററുകള്‍ തുറക്കാന്‍ മെഴ്സിഡസ് പദ്ധതിയിടുന്നു. ഇന്ത്യയിലെ തങ്ങളുടെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായ എഎംജി മോഡലുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു. മെഴ്സിഡസിന്റെ പുതിയ ബ്രാന്‍ഡ് പ്രാതിനിധ്യത്തോടെ ഷോറൂമുകള്‍ നവീകരിക്കപ്പെടുന്നത് മെട്രോകളില്‍ കാണാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ന്യൂഡെല്‍ഹിയിലെ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ഗ്ലോബല്‍ സ്റ്റാര്‍ ഫ്രാഞ്ചൈസിയിലാണ് ഇത് തുടങ്ങിയത്. പുതിയ കാര്‍ വില്‍പ്പനയിലും ‘മെഴ്സിഡസ് മാര്‍ക്കറ്റ്‌പ്ലേസ്’ സി2സി പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ യൂസ്ഡ് കാര്‍ വില്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ വളര്‍ച്ചാ കാര്യത്തില്‍ 2022 കലണ്ടര്‍ വര്‍ഷത്തില്‍ വലിയ പ്രതീക്ഷയിലാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. 2022 ല്‍ മെഴ്സിഡസ് മാര്‍ക്കറ്റ്‌പ്ലേസിലൂടെ കൂടുതലായി 1,300 യൂണിറ്റ് വില്‍ക്കുകയാണ് ലക്ഷ്യം.

മെഴ്‌സിഡസിന്റെ 2022 മുദ്രാവാക്യമായ ‘യു ഫസ്റ്റ്’ മാര്‍ട്ടിന്‍ ഷ്വെങ്ക് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, മെഴ്‌സിഡസ് മൈബാഹ് എസ്-ക്ലാസ് (2022 മാര്‍ച്ചില്‍), എഎംജി ഉല്‍പ്പന്നങ്ങള്‍, ഇക്യു ഉല്‍പ്പന്നങ്ങള്‍, എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍ പോലുള്ള സാങ്കേതികവിദ്യകള്‍, പ്രത്യേക ഉപഭോക്തൃ സേവനങ്ങള്‍, ബെസ്റ്റ്-ഇന്‍-ക്ലാസ് വാറന്റികള്‍ തുടങ്ങിയവ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇലക്ട്രിക് മൊബിലിറ്റിയുടെ പുതുയുഗ പരിവര്‍ത്തനത്തിന് ഫ്രാഞ്ചൈസി പങ്കാളികളെ മെഴ്സിഡസ് സഹായിക്കും. മാത്രമല്ല, ഇക്യു ബ്രാന്‍ഡില്‍ നിന്നുള്ള ഭാവി ഉല്‍പ്പന്നങ്ങള്‍ സര്‍വീസ് ചെയ്യുന്നതിന് അപ്സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. 2021, 2022 വര്‍ഷങ്ങളിലായി ആകെ 400 കോടി രൂപയുടെ മൂലധന ചെലവാണ് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ നടത്തുന്നത്.