Top Spec

The Top-Spec Automotive Web Portal in Malayalam

ഡാക്കറില്‍ ചരിത്രം കുറിച്ച് ഹീറോ മോട്ടോസ്പോര്‍ട്സ്

ഡാക്കര്‍ റാലിയില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ടീം/നിര്‍മാതാക്കള്‍ സ്റ്റേജ് വിജയം നേടി. സ്റ്റേജ് 3 വിജയിച്ച് ജോക്വിം റോഡ്രിഗസാണ് വീരനായകനായത്

ഡാക്കര്‍ റാലിയില്‍ സ്‌റ്റേജ് വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ ടീമും നിര്‍മാതാക്കളുമായി ഹീറോ മോട്ടോസ്പോര്‍ട്സ്. 2022 ഡാക്കറില്‍ സ്റ്റേജ് 3 വിജയിച്ച് റൈഡര്‍ ജോക്വിം റോഡ്രിഗസാണ് ഹീറോ മോട്ടോസ്പോര്‍ട്സിന്റെ വീരനായകനായത്. റാലിയുടെ മൂന്നാം ഘട്ടത്തില്‍ മിക്ക സമയത്തും എതിരാളിയായ ഡാനിയല്‍ സാന്‍ഡേഴ്സുമായി ഒപ്പത്തിനൊപ്പം മല്‍സരിച്ചാണ് ജോക്വിം റോഡ്രിഗസ് വിജയം കൊണ്ടുവന്നത്.

അല്‍ ഖൈസുമയില്‍ നിന്നാണ് സ്റ്റേജ് 3 ആരംഭിച്ചത്. തലേന്ന് രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് റൂട്ടില്‍ മാറ്റം വരുത്തിയത്. 214 കിലോമീറ്റര്‍ ലിയേസന്‍ ദൂരം താണ്ടിയാണ് റൈഡര്‍മാര്‍ റേസ് ആരംഭിച്ചത്. നീണ്ടുകിടക്കുന്ന മണല്‍ക്കൂനകള്‍, ഉയര്‍ന്ന സമതലങ്ങള്‍, വഴിതെറ്റിക്കുന്ന കവലകള്‍ തുടങ്ങി ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് 255 കിലോമീറ്റര്‍ വരുന്ന സ്‌പെഷല്‍ സ്റ്റേജ് കടന്നുപോയത്.

ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചതായി ഡാക്കറില്‍ ഇതാദ്യമായി നേടിയ സ്‌റ്റേജ് വിജയത്തെക്കുറിച്ച് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം മാനേജര്‍ വൂള്‍ഫ്ഗാങ് ഫിഷര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളും മാസങ്ങളുമായി നിരവധി പേര്‍ ചെയ്തുപോന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. ഡാക്കറില്‍ ജോക്വിം റോഡ്രിഗസിന്റെ ആദ്യ സ്റ്റേജ് വിജയം കൂടിയാണിത്. ഈ വിജയത്തിന് അവന്‍ തികച്ചും അര്‍ഹനാണ്. മുഴുവന്‍ ടീമിനും ലോകമെമ്പാടുമുള്ള തങ്ങളുടെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

ഡാക്കറില്‍ തന്റെയും ഹീറോ മോട്ടോസ്‌പോര്‍ട്‌സിന്റെയും ആദ്യ സ്‌റ്റേജ് വിജയം നേടിയതില്‍ അതീവ സന്തുഷ്ടനാണെന്ന് ജോക്വിം റോഡ്രിഗസ് പറഞ്ഞു. ദുഷ്‌കരമായ മൂന്നാം സ്റ്റേജില്‍ ആദ്യ കിലോമീറ്റര്‍ മുതല്‍ തന്നെ മണല്‍ക്കൂനകളും മറ്റും താണ്ടി അതിവേഗം മുന്നേറാന്‍ കഴിഞ്ഞതായി റൈഡര്‍ വ്യക്തമാക്കി. ഹീറോ റാലി 450 മോട്ടോര്‍സൈക്കിള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.