Top Spec

The Top-Spec Automotive Web Portal in Malayalam

തുള്ളാത്ത മനവും തുള്ളിക്കാന്‍ യെസ്ഡി വീണ്ടും!

റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ മോഡലുകള്‍ വിപണിയില്‍

യെസ്ഡി ബ്രാന്‍ഡ് വീണ്ടും ഇന്ത്യയില്‍! റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ മോഡലുകള്‍ അവതരിപ്പിച്ച് ക്ലാസിക് ലെജന്‍ഡ്സാണ് പ്രശസ്ത ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്. റോഡ്സ്റ്റര്‍ മോഡലിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന് 2.05 ലക്ഷം മുതല്‍ 2.11 ലക്ഷം രൂപ വരെയും അഡ്വഞ്ചര്‍ മോഡലിന് 2.10 ലക്ഷം മുതല്‍ 2.19 ലക്ഷം രൂപ വരെയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില.

334 സിസി, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മൂന്ന് മോഡലുകള്‍ക്കും കരുത്തേകുന്നത്. എന്നാല്‍ ഓരോ മോഡലിനും എന്‍ജിന്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തു. അതുകൊണ്ടുതന്നെ മൂന്ന് മോഡലുകളിലും കരുത്തും ടോര്‍ക്കും അല്‍പ്പം വ്യത്യസ്തമായിരിക്കും. മാത്രമല്ല, ഓരോ മോഡലിന്റെയും ഷാസിയും വ്യത്യസ്തമാണ്. സസ്‌പെന്‍ഷന്‍, ചക്രങ്ങളുടെ വലുപ്പം എന്നിവയിലും വ്യത്യാസം കാണാം. മൂന്ന് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ വേറെയുമുണ്ട്.

ഫീച്ചറുകളുടെ കാര്യത്തില്‍, മൂന്ന് ബൈക്കുകള്‍ക്കും എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ ലാംപ്, ഫുള്ളി ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവ ലഭിച്ചു. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കി. ഫ്ളൈസ്‌ക്രീനുകള്‍, ഹെഡ്‌ലൈറ്റ് ഗ്രില്ലുകള്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ബാര്‍-എന്‍ഡ് മിററുകള്‍, ഹാര്‍ഡ് ലഗേജ് (അഡ്വഞ്ചര്‍) ഉള്‍പ്പെടെ നിരവധി ആക്സസറികള്‍ ലഭ്യമാണ്.

യെസ്ഡി അഡ്വഞ്ചര്‍

സ്ലിക്ക് സില്‍വര്‍, മംബോ ബ്ലാക്ക്, റേഞ്ചര്‍ കാമോ എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ യെസ്ഡി അഡ്വഞ്ചര്‍ ലഭിക്കും. ലോംഗ് ട്രാവല്‍ സസ്പെന്‍ഷനുമായാണ് (മുന്നില്‍ 200 എംഎം, പിന്നില്‍ 180 എംഎം) അഡ്വഞ്ചര്‍ മോഡല്‍ വരുന്നത്. യെസ്ഡിയുടെ പുതിയ ത്രിമൂര്‍ത്തികളില്‍ മോണോഷോക്ക് ലഭിച്ച ഏക മോഡലാണ് അഡ്വഞ്ചര്‍. 220 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഈ കണക്കുകളെല്ലാം റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായി സാമ്യമുള്ളതാണ്. ഹിമാലയന്‍ പോലെ, 21 ഇഞ്ച്/ 17 ഇഞ്ച് വയര്‍ സ്പോക്ക് വീലുകളില്‍ യെസ്ഡി അഡ്വഞ്ചര്‍ പായും.

റോഡ്, റെയ്ന്‍, ഓഫ് റോഡ് എന്നീ മൂന്ന് എബിഎസ് മോഡുകള്‍ നല്‍കി. ഓഫ് റോഡ് മോഡ് പിന്‍ ചക്രത്തില്‍ വിച്ഛേദിക്കാന്‍ കഴിഞ്ഞേക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ലഭിച്ച ഒരേയൊരു യെസ്ഡി മോഡലാണ് അഡ്വഞ്ചര്‍. ഇതിനായി നല്‍കിയ സവിശേഷ എല്‍സിഡി ഡിസ്പ്ലേ സീറ്റിംഗ്, സ്റ്റാന്‍ഡിംഗ് റൈഡിംഗ് പൊസിഷനുകള്‍ക്ക് അനുസൃതമായി ടില്‍റ്റ് ചെയ്യാന്‍ കഴിയും. ഇന്‍ഡിക്കേറ്ററുകള്‍ എല്‍ഇഡിയാണ്. സ്റ്റാന്‍ഡേഡായി ഹാന്‍ഡില്‍ബാറില്‍ യുഎസ്ബി ചാര്‍ജര്‍ ഘടിപ്പിച്ചു.

യെസ്ഡി സ്‌ക്രാംബ്ലര്‍

പേരുപോലെ സ്‌ക്രാംബ്ലര്‍ ഡിസൈനിലാണ് യെസ്ഡി സ്‌ക്രാംബ്ലര്‍ വരുന്നത്. പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ നല്‍കി. അഡ്വഞ്ചര്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ കുറവാണ് (മുന്നില്‍ 150 എംഎം, പിന്നില്‍ 130 എംഎം). കൂടാതെ ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം താഴ്ന്നു (200 എംഎം). മുന്നില്‍ 19 ഇഞ്ച് വ്യാസമുള്ള (താരതമ്യേന ചെറിയ) ചക്രമാണ് ഉപയോഗിക്കുന്നത്. മൂന്ന് എബിഎസ് മോഡുകള്‍ (റോഡ്, റെയ്ന്‍, ഓഫ് റോഡ്), എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച യുഎസ്ബി ചാര്‍ജര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. അതേസമയം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഒഴിവാക്കി. ഫയര്‍ ഓറഞ്ച്, യെല്ലിംഗ് യെല്ലോ, ഔട്ട്‌ലോ ഒലിവ് എന്നീ മോണോടോണ്‍ കളര്‍ വേരിയന്റുകള്‍ കൂടാതെ റെബല്‍ റെഡ്, മീന്‍ ഗ്രീന്‍, മിഡ്‌നൈറ്റ് ബ്ലൂ എന്നീ ഡുവല്‍ ടോണ്‍ വേരിയന്റുകളിലും യെസ്ഡി സ്‌ക്രാംബ്ലര്‍ ലഭിക്കും.

യെസ്ഡി റോഡ്സ്റ്റര്‍

പുതിയ യെസ്ഡി ത്രയങ്ങളില്‍ 18 ഇഞ്ച്/ 17 ഇഞ്ച് കോമ്പിനേഷനില്‍ അലോയ് വീലുകള്‍ നല്‍കിയ ഏക മോഡലാണ് റോഡ്സ്റ്റര്‍. മുന്നിലെ ചെരിഞ്ഞ ഫോര്‍ക്ക് മാറ്റിനിര്‍ത്തിയാല്‍, റോഡ്‌സ്റ്റര്‍ പേരിന് നന്നായി യോജിക്കുന്നതാണ് രൂപകല്‍പ്പന. ഈ ഫോര്‍ക്ക് അല്‍പ്പം വിചിത്രമായി തോന്നുമെങ്കിലും പഴയ യെസ്ഡികളിലേക്ക് മടങ്ങിപ്പോയതായി മനസിലാക്കാം. ഡാര്‍ക്ക്-സ്‌മോക്ക് ഗ്രേ, ഡാര്‍ക്ക്-സ്റ്റീല്‍ ബ്ലൂ, ഡാര്‍ക്ക്-ഹണ്ടര്‍ ഗ്രീന്‍, ക്രോം-ഗാലന്റ് ഗ്രേ, ക്രോം-സിന്‍ സില്‍വര്‍ എന്നീ അഞ്ച് കളര്‍ വേരിയന്റുകളില്‍ യെസ്ഡി റോഡ്സ്റ്റര്‍ ലഭിക്കും. സ്‌റ്റൈലിഷ് ബാര്‍-എന്‍ഡ് മിററുകള്‍ ലഭിച്ചതാണ് ഡാര്‍ക്ക് എങ്കില്‍ വലിയ വിന്‍ഡ്സ്‌ക്രീന്‍, സാധാരണ മിററുകള്‍ എന്നിവ നല്‍കിയതാണ് ക്രോം വേരിയന്റുകള്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ചില്ല.