Top Spec

The Top-Spec Automotive Web Portal in Malayalam

സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

കേരളത്തില്‍ ഇതാദ്യമായാണ് സെസ്റ്റി യെല്ലോ കളര്‍ ഓപ്ഷനില്‍ മിനി കൂപ്പര്‍ എസ് കണ്‍വെര്‍ട്ടിബിള്‍ നിരത്തുകളിലെത്തുന്നത്

നടന്‍ ജോജു ജോര്‍ജ് പുതുതായി സെസ്റ്റി യെല്ലോ നിറമുള്ള മിനി കൂപ്പര്‍ എസ് കണ്‍വെര്‍ട്ടിബിള്‍ സ്വന്തം ഗ്യാരേജിലെത്തിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് സെസ്റ്റി യെല്ലോ കളര്‍ ഓപ്ഷനില്‍ മിനി കൂപ്പര്‍ എസ് കണ്‍വെര്‍ട്ടിബിള്‍ നിരത്തുകളിലെത്തുന്നത്. ഭാര്യ അബ്ബാ ജോസഫിന്റെ പേരില്‍ കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് കാര്‍ വാങ്ങിയത്. ഭാര്യയും മക്കളും സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വെര്‍ട്ടിബിള്‍ ഏറ്റുവാങ്ങി. ഏകദേശം 55.17 ലക്ഷം രൂപയാണ് കൊച്ചി ഓണ്‍ റോഡ് വില. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കൊച്ചിയിലെ സമരത്തിനിടെ ആക്രമിച്ച് കേടുവരുത്തിയത് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഡിസൈന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍, ഷഡ്ഭുജാകൃതിയുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, സൈഡ് സ്‌കട്ടിലുകള്‍, നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍, സവിശേഷ വീല്‍ ആര്‍ച്ച് സറൗണ്ടുകള്‍, പിറകിലെ ലൈറ്റുകളില്‍ ‘യൂണിയന്‍ ജാക്ക്’ ഡിസൈന്‍ എന്നിവ ബാഹ്യ രൂപകല്‍പ്പനയുടെ ഭാഗമാണ്. ആപ്പിള്‍ കാര്‍പ്ലേ സഹിതം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിഫംഗ്ഷന്‍ ഡിസ്പ്ലേ, ഹാര്‍മണ്‍ കാര്‍ഡന്‍ ഹൈഫൈ സ്പീക്കര്‍ സിസ്റ്റം തുടങ്ങി കാബിനില്‍ ഫീച്ചറുകള്‍ നിരവധിയാണ്.

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 7.1 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 191 കിലോമീറ്ററാണ് ടോപ് സ്പീഡ്.