Top Spec

The Top-Spec Automotive Web Portal in Malayalam

ജനുവരി 13 ന് യെസ്ഡി പുനര്‍ജനിക്കും

ഇന്ത്യയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുന്ന ക്ലാസിക് ലെജന്‍ഡ്സ് തന്നെയാണ് മറ്റൊരു ഐതിഹാസിക ബ്രാന്‍ഡായ യെസ്ഡി തിരികെ കൊണ്ടുവരുന്നത്

ഈ മാസം 13 ന് യെസ്ഡി ബ്രാന്‍ഡ് പുനര്‍ജനിക്കും. ഇന്ത്യയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുന്ന ക്ലാസിക് ലെജന്‍ഡ്സ് തന്നെയാണ് മറ്റൊരു ഐതിഹാസിക ബ്രാന്‍ഡായ യെസ്ഡി തിരികെ കൊണ്ടുവരുന്നത്. ഇപ്പോഴത്തെ വരവിലെ ആദ്യ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രം കമ്പനി ഇതിനകം പുറത്തുവിട്ടിരുന്നു. ഈ മോട്ടോര്‍സൈക്കിള്‍ യെസ്ഡി റോഡ്കിംഗ് മോഡലിന്റെ പുതിയ പതിപ്പാകാനാണ് സാധ്യത. ജനുവരി 13 ന് എത്ര മോഡലുകള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ റോഡ്കിംഗ്, അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകള്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയേക്കും.

പുതിയ യെസ്ഡി ബൈക്കുകളുടെ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ ലഭ്യമല്ല. എന്നാല്‍ ജാവ പെരാക് ഉപയോഗിക്കുന്ന അതേ 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ പുതിയ യെസ്ഡി ബൈക്കുകള്‍ക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോര്‍ ഏകദേശം 30 ബിഎച്ച്പി കരുത്തും 33 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.

രണ്ട് ബ്രാന്‍ഡുകളും ക്ലാസിക് ലെജന്‍ഡ്സിന്റെ ഉടമസ്ഥതയിലാണ്. അതുകൊണ്ടുതന്നെ ജാവ ബൈക്കുകള്‍ക്കൊപ്പം അതേ ഷോറൂമുകളില്‍ പുതിയ യെസ്ഡി മോഡലുകളും വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ബിസിനസ് തന്ത്രം ഇരു ബ്രാന്‍ഡുകള്‍ക്കും ഡീലര്‍മാര്‍ക്കും ധാരാളം പണം ലാഭിക്കുന്നതിന് സഹായിക്കും. മാത്രമല്ല, ഷോറൂമുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.