Top Spec

The Top-Spec Automotive Web Portal in Malayalam

കിടുവയെ പിടിച്ച കടുവ!

വിനോദസഞ്ചാരികളുമായി ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിലെത്തിയ മഹീന്ദ്ര സൈലോ, ഒരു കടുവ കടിച്ച് പിറകോട്ട് വലിക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു

മഹീന്ദ്രയുടെ കോംപാക്റ്റ് എംപിവിയായ സൈലോയും കടുവയും തമ്മില്‍ ബലാബലം! നിറയെ വിനോദസഞ്ചാരികളുമായി കര്‍ണാടകയിലെ ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിലെത്തിയ മള്‍ട്ടി പര്‍പ്പസ് വാഹനത്തെ ഒരു കടുവ കടിച്ച് പിറകോട്ട് വലിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

നിറയെ വിനോദസഞ്ചാരികളുമായി എത്തിയ മഹീന്ദ്ര സൈലോ, തന്റെ വായും താടിയെല്ലും ഉപയോഗിച്ച് കടുവ വലിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ച്ചയായി ബംപറില്‍ കടിച്ച് വലിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ എംപിവി പിറകിലേക്ക് വലിക്കുകയും ചെയ്യുന്നതാണ് വീഡിയോ. മറ്റൊരു വിനോദസഞ്ചാരിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.

മഹീന്ദ്ര സൈലോ ചവയ്ക്കാന്‍ കടുവ ശ്രമിച്ചതില്‍ അതിശയിക്കാനില്ലെന്നും മഹീന്ദ്ര കാറുകള്‍ രുചികരമാണെന്ന തന്റെ കാഴ്ച്ചപ്പാട് ഒരുപക്ഷേ കടുവ ശരിവെച്ചിരിക്കാമെന്നും വീഡിയോയുടെ അടിക്കുറിപ്പായി ആനന്ദ് മഹീന്ദ്ര എഴുതി. മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഈ വീഡിയോ വൈറലായി മാറി. ഇതുവരെ 5.47 ലക്ഷത്തിലധികം വ്യൂകളും 28,500 ലധികം ലൈക്കുകളും ആയിരത്തിലധികം കമന്റുകളുമാണ് ലഭിച്ചത്.