ജനുവരി ഒന്ന് മുതല്‍ 14 വരെയാണ് 44 ാം പതിപ്പ് അരങ്ങേറുന്നത്
2022 ഡാക്കര്‍ റാലി സൗദി അറേബ്യയില്‍ ആരംഭിച്ചു. ജനുവരി ഒന്ന് മുതല്‍ 14 വരെയാണ് 44 ാം പതിപ്പ് അരങ്ങേറുന്നത്. ഇത് മൂന്നാം തവണയാണ് സൗദി അറേബ്യയില്‍ ഡാക്കര്‍ റാലി സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍ നിന്ന് ആരംഭിച്ച റേസ് ജിദ്ദയില്‍ തന്നെ സമാപിക്കും. 19 കിമീ പ്രോലോഗ് കൂടാതെ പന്ത്രണ്ട് ഘട്ടങ്ങളിലായാണ് റാലി നടക്കുന്നത്. രണ്ട് ലൂപ്പ് ഘട്ടങ്ങളും ഒരു മാരത്തോണ്‍ ഘട്ടവും റാലിയുടെ ഭാഗമായിരിക്കും. ജനുവരി എട്ടിന് റിയാദിലാണ് വിശ്രമ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. മണല്‍പ്പരപ്പുകള്‍, മണല്‍ക്കൂനകള്‍, പാറക്കെട്ടുകള്‍, ചെളി, ടാര്‍മാക് എന്നീ പ്രതലങ്ങളിലൂടെയാണ് റേസ്. പ്രഥമ ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യു2ആര്‍സി) ഉദ്ഘാടന റേസ് കൂടിയാണ് ഈ വര്‍ഷത്തെ ഡാക്കര്‍ റാലി. ആകെ ഏകദേശം 4,000 കിലോമീറ്ററാണ് (2,500 മൈല്‍) സ്‌പെഷല്‍ സ്റ്റേജ് (എസ്എസ്) റൂട്ട്. 2,500 കിമീ (1,600 മൈല്‍) മുതല്‍ 3,000 കിമീ (1,900 മൈല്‍) വരെയാണ് ലിയേസന്‍ റൂട്ട്.

144 ബൈക്കുകള്‍, 92 കാറുകള്‍, 56 ട്രക്കുകള്‍, 20 ക്വാഡുകള്‍ ഉള്‍പ്പെടെ ആകെ 409 വാഹനങ്ങളാണ് 2022 ഡാക്കര്‍ റാലിയില്‍ മല്‍സരിക്കുന്നത്. 122 ക്ലാസിക് കാറുകളും 20 ക്ലാസിക് ട്രക്കുകളും ഉള്‍പ്പെടെ ആകെ 142 വാഹനങ്ങള്‍ ഡാക്കര്‍ ക്ലാസിക് വിഭാഗത്തിലും പങ്കെടുക്കുന്നു. റൈഡര്‍മാരും ഡ്രൈവര്‍മാരും കോ ഡ്രൈവര്‍മാരുമായി ആകെ 750 പേരാണ് ഇത്തവണ ഡാക്കര്‍ റാലിയില്‍ മാറ്റുരയ്ക്കുന്നത്. ഇവരില്‍ 209 റുക്കികളും (ആദ്യമായി പങ്കെടുക്കുന്നവര്‍) 130 ലെജന്‍ഡുകളും (പത്തോ അതില്‍ കൂടുതലോ വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍), 34 ഒറിജിനലുകളും (സപ്പോര്‍ട്ട് ടീം ഇല്ലാത്ത മാരത്തോണ്‍ റൈഡര്‍മാര്‍) 60 വനിതകളുമാണ്. ഡാക്കര്‍ ക്ലാസിക് വിഭാഗത്തില്‍ (ക്ലാസിക് കാര്‍, ക്ലാസിക് ട്രക്ക്) ഡ്രൈവര്‍മാരും കോ ഡ്രൈവര്‍മാരുമായി 315 പേര്‍ വേറെയും പങ്കെടുക്കുന്നു. ഓപ്പണ്‍ കാറ്റഗറിയില്‍ അഞ്ച് വാഹനങ്ങളാണ് മല്‍സരിക്കുന്നത്. ഷെര്‍ക്കോ ടിവിഎസ് റാലി ഫാക്ടറി ടീമിനായി റാലിജിപി വിഭാഗത്തില്‍ മല്‍സരിക്കുന്ന മലയാളിയും ഷൊര്‍ണൂര്‍ കണയം സ്വദേശിയുമായ ഹാരിത്ത് നോവയാണ് 2022 ഡാക്കര്‍ റാലിയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. തുടര്‍ച്ചയായ ആറാം തവണയും ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലി ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്നു. ഫ്രാങ്കോ കൈമി, ജോക്വിം റോഡ്രിഗസ് എന്നിവരാണ് റൈഡര്‍മാര്‍. കഴിഞ്ഞ വര്‍ഷം അപകടം നേരിട്ട് ആരോഗ്യം വീണ്ടെടുക്കുന്ന ബെംഗളൂരു സ്വദേശിയായ സിഎസ് സന്തോഷ് ഇത്തവണ മല്‍സരിക്കുന്നില്ല.


കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന വാഹനങ്ങള്‍ക്ക് ഇത്തവണ ഡാക്കര്‍ റാലിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചു. അതുകൊണ്ടുതന്നെ ഈ വര്‍ഷം ടി1-ഇ എന്ന പുതിയ കാറ്റഗറി കൊണ്ടുവന്നു. ഇലക്ട്രിക് മോട്ടോര്‍ അല്ലെങ്കില്‍ ജൈവ ഇന്ധനങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പുതിയ കാറ്റഗറി സൃഷ്ടിച്ചത്. ഈ വിഭാഗത്തില്‍ മൂന്ന് ഔഡി ആര്‍എസ് ക്യു ഇ ട്രോണ്‍ കാറുകള്‍ അണിനിരത്തുമെന്ന് ഔഡി സ്‌പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാര്‍ലോസ് സെയ്ന്‍സ് ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാരെയാണ് റാലി ജയിക്കുന്നതിനായി ഔഡി സ്‌പോര്‍ട്ട് നിയോഗിച്ചിരിക്കുന്നത്.



