Top Spec

The Top-Spec Automotive Web Portal in Malayalam

കിയ കാറന്‍സ് ജനുവരി 14 മുതല്‍ ബുക്ക് ചെയ്യാം

അധികം വൈകാതെ വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മൂന്നുനിര സീറ്റുകളുമായി വരുന്ന കിയ കാറന്‍സ് ജനുവരി 14 മുതല്‍ ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിക്കുന്ന തീയതി കിയ ഇന്ത്യ പ്രഖ്യാപിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് കിയ കാറന്‍സ് ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തത്. അധികം വൈകാതെ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ കിയ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് കാറന്‍സ്. കിയ സെല്‍റ്റോസ് എസ് യുവി അടിസ്ഥാനമാക്കിയാണ് കാറന്‍സ് നിര്‍മിക്കുന്നത്. കാറന്‍സിനായി പുതിയ ഡിസൈന്‍ ഫിലോസഫി സ്വീകരിച്ചു. സ്പ്ലിറ്റ് ഹെഡ്‌ലാംപ് സംവിധാനത്തോടെ പുതിയ മുന്‍വശം നല്‍കി. സെഗ്മെന്റില്‍ ഏറ്റവും നീളമേറിയ വീല്‍ബേസുമായാണ് കാറന്‍സ് വരുന്നതെന്ന് കിയ അവകാശപ്പെടുന്നു. 16 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകള്‍, സ്പ്ലിറ്റ് ടെയില്‍ലാംപുകള്‍, പിറകില്‍ ധാരാളം പ്ലാസ്റ്റിക് ക്ലാഡിംഗ്, ക്രോം ആക്സന്റുകള്‍ എന്നിവ കാണാം.

അകത്ത്, ആറ്, ഏഴ് സീറ്റ് ലേഔട്ടുകളില്‍ കിയ കാറന്‍സ് ലഭ്യമാകും. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ്, ‘ബോസ്’ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, റൂഫില്‍ സ്ഥാപിച്ച എസി വെന്റുകള്‍, സിംഗിള്‍ പെയ്ന്‍ ഇലക്ട്രിക് സണ്‍റൂഫ്, മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ കിയ വെളിപ്പെടുത്തിയ ഫീച്ചറുകളില്‍ ചിലതാണ്.

നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്, ആറ് എയര്‍ബാഗുകള്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസെന്റ് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. പവര്‍ട്രെയിന്‍ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഡിസിടി ഘടിപ്പിച്ച 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ചേര്‍ത്തുവെച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്നിവ എന്‍ജിന്‍ ഓപ്ഷനുകളായിരിക്കുമെന്ന് കിയ ഇതിനകം സ്ഥിരീകരിച്ചു.