ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി
കിയ കാറന്‍സ് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. എസ്‌യുവി സവിശേഷതകളോടെ മൂന്നുനിര സീറ്റുകളുമായി വിപണിയിലെത്തുന്ന വാഹനത്തെ റെക്രിയേഷണല്‍ വെഹിക്കിള്‍ (ആര്‍വി) എന്നാണ് കിയ വിളിക്കുന്നത്. കാറന്‍സ് എന്ന പേര് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ നേരത്തെ ഉപയോഗിച്ചിരുന്നു. 1999 നും 2018 നുമിടയില്‍ കൊറിയയില്‍ കാറന്‍സ് എന്ന കോംപാക്റ്റ് എംപിവിയാണ് വിറ്റിരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ ഈ മോഡല്‍ കിയ റോണ്ടോ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇപ്പോള്‍ കാറന്‍സ് എന്ന പേര് തിരികെ കൊണ്ടുവരികയാണ് കമ്പനി. പുതിയ കിയ കാറന്‍സ് ഇന്ത്യയിലായിരിക്കും ആദ്യം വില്‍ക്കുന്നത്. ആധുനിക ഇന്ത്യന്‍ കുടുംബങ്ങളെയാണ് കിയ കാറന്‍സ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ കാബിനില്‍ സാമാന്യം നല്ല സ്ഥലസൗകര്യം ഉണ്ടായിരിക്കും. റൂഫ്‌ലൈന്‍, നിവര്‍ന്ന സ്റ്റാന്‍സ് എന്നിവ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

കിയ സെല്‍റ്റോസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് കിയ കാറന്‍സ് നിര്‍മിക്കുന്നത്. സ്പ്ലിറ്റ് ലൈറ്റിംഗ് സംവിധാനം, സവിശേഷ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വലിയ എയര്‍ ഇന്‍ടേക്കുകള്‍ സഹിതം മസ്‌കുലര്‍ ബംപര്‍ എന്നിവയോടെ അഗ്രസീവ് ട്രീറ്റ്‌മെന്റ് ലഭിച്ചതാണ് പുറത്തെ കാഴ്ച്ച. സ്പോര്‍ട്ടി അലോയ് വീലുകള്‍, ബോള്‍ഡ് ക്യാരക്ടര്‍ ലൈനുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും കാണാം. പിറകിലെ ഷാര്‍പ്പ് ലുക്കിംഗ് റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലാംപുകളെ ഒരു എല്‍ഇഡി സ്ട്രിപ്പ് പോലെ തോന്നുന്നവിധം ബന്ധിപ്പിച്ചിരിക്കുന്നു. സ്‌കള്‍പ്റ്റഡ് ടെയ്ല്‍ഗേറ്റ്, അഗ്രസീവ് ബംപര്‍ എന്നിവ നല്‍കിയതോടെ ഡിസൈന്‍ പൂര്‍ത്തിയായി.

അകത്തെ ഡിസൈന്‍ വളരെ ലളിതമാണ്. ഡാഷ്‌ബോര്‍ഡില്‍ വളരെ കുറച്ച് ബട്ടണുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. എസി വെന്റുകള്‍ തിരശ്ചീനമാണ്. ത്രീ സ്പോക്ക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, വയര്‍ലെസ് ചാര്‍ജിംഗ്, ‘ഉവോ’ കണക്റ്റഡ് കാര്‍ ടെക്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, സ്പോട്ട് ലൈറ്റുകള്‍, പിന്‍നിരയില്‍ ടേബിള്‍ ട്രേകള്‍, സണ്‍റൂഫ് തുടങ്ങിയവ ഫീച്ചറുകളാണ്. സുരക്ഷയുടെ കാര്യത്തില്‍, ആറ് എയര്‍ബാഗുകള്‍, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ അസിസ്റ്റ് തുടങ്ങിയവ മറ്റ് ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകളാണ്.

പുതിയ കിയ കാറന്‍സിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കിയ സെല്‍റ്റോസിന്റെ അതേ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, 1.4 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭിക്കാനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കുമ്പോള്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (ഡിസിടി), ഡീസല്‍ എന്‍ജിനായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഓപ്ഷനുകളായിരിക്കും.
