ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണെ അവസാന ലാപ്പില്‍ പിന്തള്ളിയാണ് റെഡ്ബുള്‍ റേസിംഗ് ഹോണ്ടയുടെ 24 കാരന്‍ ഡ്രൈവര്‍ ഇതാദ്യമായി ലോക ചാമ്പ്യനായത്
റെഡ് ബുള്‍ ഹോണ്ടയുടെ മാക്സ് വെര്‍സ്റ്റാപ്പന്‍ ഈ വര്‍ഷത്തെ ഫോര്‍മുല 1 ലോക ചാമ്പ്യന്‍! 2021 സീസണിലെ അവസാന ഗ്രാന്‍ പ്രീയായ അബുദാബി ജിപിയില്‍ വിജയിച്ചതോടെയാണ് ഡച്ച് ഡ്രൈവര്‍ തന്റെ കന്നി ലോക കിരീടം സ്വന്തമാക്കിയത്. തൊട്ടുമുമ്പത്തെ സൗദി അറേബ്യന്‍ ജിപി അവസാനിച്ചപ്പോള്‍ 369.5 പോയന്റുമായി മാക്‌സ് വെര്‍സ്റ്റാപ്പനും ലൂയിസ് ഹാമില്‍ട്ടണും ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ ആരെന്ന് അറിയുന്നതിന് സീസണിലെ അവസാന ഗ്രാന്‍ പ്രീ വരെ കാത്തിരിക്കേണ്ടിവന്നു. അബുദാബിയില്‍ വെര്‍സ്റ്റാപ്പനായിരുന്നു പോള്‍ പൊസിഷന്‍. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ഗ്രിഡില്‍ രണ്ടാം സ്ഥാനത്തുനിന്നാണ് ഓടിത്തുടങ്ങിയത്. മല്‍സരത്തിന്റെ തുടക്കത്തില്‍ വെര്‍സ്റ്റാപ്പനെ ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ 58 ലാപ്പുകള്‍ നീണ്ടുനിന്ന റേസില്‍, ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണെ അവസാന ലാപ്പില്‍ പിന്തള്ളിയാണ് റെഡ്ബുള്‍ റേസിംഗ് ഹോണ്ടയുടെ 24 കാരന്‍ ഡ്രൈവര്‍ ഇതാദ്യമായി ലോക ചാമ്പ്യനായത്.

റേസ് അവസാനിക്കുന്നതിന് അഞ്ച് ലാപ്പുകള്‍ക്ക് മുമ്പ് വില്യംസ് താരം നിക്കോളാസ് ലത്തീഫിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നത് മല്‍സരത്തില്‍ നിര്‍ണായകമായി. ഇതോടെ അവസാന ലാപ്പിന് തൊട്ടുമുമ്പുവരെ സേഫ്റ്റി കാറിന് പിറകിലായിരുന്നു ഡ്രൈവര്‍മാര്‍. സേഫ്റ്റി കാറിന് പിറകില്‍ ഓടുന്ന സമയത്ത് പിറ്റ്സ്റ്റോപ്പിന് തീരുമാനിച്ച വെര്‍സ്റ്റാപ്പന്‍ സോഫ്റ്റ് ടയറുകളിലേക്ക് മാറി. ട്രാക്ക് പൊസിഷന്‍ നിലനിര്‍ത്തുന്നതിന് ലൂയിസ് ഹാമില്‍ട്ടണ്‍ പിറ്റ്‌സ്റ്റോപ്പ് ചെയ്യേണ്ടെന്ന തീരുമാനമാണ് മെഴ്സിഡസ് എടുത്തത്. ഈ സമയം വളരെ പഴകിയതും തേഞ്ഞതുമായ ഹാര്‍ഡ് ടയറുകളിലായിരുന്നു ഹാമില്‍ട്ടണ്‍. റേസ് പുനരാരംഭിക്കുമ്പോള്‍ സേഫ്റ്റി കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ അഞ്ച് ലാപ്പ്ഡ് കാറുകളെ അനുവദിക്കില്ലെന്ന് 56 ാം ലാപ്പില്‍ തീരുമാനിച്ചു. എന്നാല്‍ 57 ാം ലാപ്പില്‍ റേസ് ഡയറക്റ്റര്‍ ഈ തീരുമാനം മാറ്റി. ഇത് വലിയ വിവാദത്തിനാണ് ഇടയാക്കിയത്. സേഫ്റ്റി കാര്‍ പിന്‍വാങ്ങിയതോടെ വെര്‍സ്റ്റാപ്പന്‍ ഉടന്‍ തന്നെ ഹാമില്‍ട്ടണെ മറികടന്നു. അവസാന ലാപ്പായിരുന്നു ഇത്. ലീഡ് തിരിച്ചുപിടിക്കാനുള്ള ബ്രിട്ടീഷ് ഡ്രൈവറുടെ ശ്രമം വിജയിച്ചില്ല. മാക്‌സ് വെര്‍സ്റ്റാപ്പന്‍, ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവര്‍ യഥാക്രമം 395.5 പോയന്റും 387.5 പോയന്റുമാണ് സീസണില്‍ നേടിയത്. ഫെറാറിയുടെ കാര്‍ലോസ് സൈന്‍സ് ജൂനിയര്‍ മൂന്നാം സ്ഥാനത്ത് ഓടിയെത്തി.

കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായ എട്ടാം തവണയും മെഴ്‌സിഡസ് സ്വന്തമാക്കി. 613.5 പോയന്റാണ് ഈ സീസണില്‍ നേടിയത്. 585.5 പോയന്റുമായി റെഡ്ബുള്‍ രണ്ടാമതും 323.5 പോയന്റുമായി ഫെറാറി മൂന്നാം സ്ഥാനവും നേടി. സീസണില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ടേക്കുകള്‍ നടത്തിയ ഡ്രൈവര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ താരമായ സെബാസ്റ്റിയന്‍ വെറ്റലാണ്. കരിയറിലെ അവസാന ഗ്രാന്‍ പ്രീ മല്‍സരത്തിന് ഇറങ്ങിയ കിമി റൈക്കണന്‍ റേസ് പൂര്‍ത്തിയാക്കിയില്ല. 25 വയസ്സിനുള്ളില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞ നാലാമത്തെ മാത്രം ഡ്രൈവറാണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍. ഫെര്‍ണാണ്ടോ അലോണ്‍സോ (2005), ലൂയിസ് ഹാമില്‍ട്ടണ്‍ (2008), സെബാസ്റ്റിയന്‍ വെറ്റല്‍ (2010) എന്നിവരാണ് മുന്‍ഗാമികള്‍. ഫോര്‍മുല വണ്ണില്‍ ലോക ചാമ്പ്യനാകുന്ന ആദ്യ ഡച്ച് ഡ്രൈവറാണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍. എട്ടാം ലോക ചാമ്പ്യന്‍ഷിപ്പ് നേടി സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറിനെ മറികടക്കാന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കാത്തിരിക്കണം. ഇപ്പോള്‍ ഏഴ് ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഷൂമാക്കറുമായി റെക്കോര്‍ഡ് നേട്ടം പങ്കുവെയ്ക്കുകയാണ് ഹാമില്‍ട്ടണ്‍.