Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി സ്‌കോഡ സ്ലാവിയ

ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 2022 ആദ്യ പാദത്തില്‍ ഡെലിവറി ആരംഭിക്കും

സ്‌കോഡ സ്ലാവിയ മിഡ്‌സൈസ് സെഡാന്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. ഇന്ത്യയില്‍ സ്‌കോഡ റാപ്പിഡ് സെഡാന് പകരമാണ് ബ്രാന്‍ഡ് ന്യൂ സ്‌കോഡ സ്ലാവിയ വരുന്നത്. ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ സ്‌കോഡ സ്ലാവിയ ലഭിക്കും. ഇന്ത്യന്‍ വിപണിക്ക് മാത്രമായി മെറ്റാലിക് ക്രിസ്റ്റല്‍ ബ്ലൂ, ടൊര്‍ണാഡോ റെഡ് എന്നിവ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ്. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 2022 ആദ്യ പാദത്തില്‍ ഡെലിവറി ആരംഭിക്കും.

ഇന്ത്യയ്ക്കായി തദ്ദേശീയവല്‍ക്കരിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ സ്ലാവിയ നിര്‍മിക്കുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ്‌വാഗണുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാല് പുതിയ ഉല്‍പ്പന്നങ്ങളിലൊന്നാണ് സ്‌കോഡ സ്ലാവിയ. പദ്ധതി പ്രകാരം ഇരു ബ്രാന്‍ഡുകളുടെയും ആദ്യ മോഡലുകളായി സ്‌കോഡ കുശാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എന്നീ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യയ്ക്കായി ഭേദഗതി വരുത്തിയ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ആദ്യ സെഡാനാണ് സ്‌കോഡ സ്ലാവിയ.

കൂപ്പെ സമാനമായ റൂഫ്‌ലൈനുമായാണ് സ്‌കോഡ സ്ലാവിയ വരുന്നത്. 5 ഡോര്‍ സെഡാന്റെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 4,541 എംഎം, 1,752 എംഎം, 1,487 എംഎം, 2,651 എംഎം എന്നിങ്ങനെയാണ്. ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീല്‍ബേസ് ലഭിച്ചു. ആദ്യ തലമുറ ഒക്ടാവിയ സെഡാനേക്കാള്‍ നീളമേറിയതാണ് ഈ വീല്‍ബേസ് എന്ന് സ്‌കോഡ പറയുന്നു. മാത്രമല്ല, സെഗ്‌മെന്റിലെ ഏറ്റവും വീതി കൂടിയ സെഡാന്‍ കൂടിയാണ് സ്ലാവിയ. 521 ലിറ്ററാണ് ബൂട്ട് ശേഷി.

വണ്ണമേറിയ ക്രോം അതിരുകളോടെ വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ സഹിതം സവിശേഷ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, സ്പോര്‍ട്ടി മള്‍ട്ടി സ്പോക്ക് 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കാഴ്ച്ചാവിശേഷങ്ങളാണ്. മുന്നില്‍ അഗ്രസീവ് ലുക്കിംഗ് ബംപര്‍ കാണാം. എയര്‍ഡാമിനായി വീതിയേറിയതും വിസ്തൃതവുമായ മെഷ് പാറ്റേണ്‍ ഗ്രില്‍ നല്‍കി. പിറകില്‍, രണ്ട് ഭാഗങ്ങളായി സവിശേഷമായ സി ആകൃതിയില്‍ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ ലഭിച്ചു. അവ ബൂട്ട് ലിഡിലേക്ക് നീളുന്നു.

സമീപകാല സ്‌കോഡ കാറുകള്‍ പോലെ മികച്ച രീതിയില്‍ സജ്ജീകരിച്ചതാണ് ക്യാബിന്‍. വൃത്താകൃതിയുള്ള എയര്‍ വെന്റുകള്‍, കോണ്‍ട്രാസ്റ്റ് നിറത്തില്‍ തിരശ്ചീനമായി ആലങ്കാരിക ട്രിം സ്ട്രിപ്പ് എന്നിവ കാണാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സവിശേഷ 2 സ്പോക്ക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പൂര്‍ണ ഡിജിറ്റലായ 8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിച്ചു. മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ഡേ/നൈറ്റ് ഐആര്‍വിഎം, പിന്‍ നിരയില്‍ എസി വെന്റുകള്‍ തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്.

സ്‌കോഡ കുശാക്ക് എസ്‌യുവിയുടെ അതേ പവര്‍ട്രെയ്‌നുകളാണ് സ്ലാവിയ ഉപയോഗിക്കുന്നത്. അതായത്, അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. രണ്ടും ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറുകളാണ്. ആദ്യത്തേത് പരമാവധി 113 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. വലിയ 1.5 ലിറ്റര്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. കുശാക്ക് എസ്‌യുവിയിലെന്നപോലെ, ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (എസിടി) ലഭിച്ചതാണ് 1.5 ലിറ്റര്‍ എന്‍ജിന്‍. എന്‍ജിന്‍ ക്രൂസിംഗ് വേഗതയിലായിരിക്കുമ്പോള്‍ ആകെയുള്ള നാലെണ്ണത്തില്‍ രണ്ട് സിലിണ്ടറുകള്‍ സ്വയമേവ ഷട്ട്ഡൗണ്‍ ചെയ്യുകയും അതുവഴി ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് എസിടി.