Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യാ ബൈക്ക് വീക്ക് ഡിസംബര്‍ 4 മുതല്‍

ഡിസംബര്‍ 4, 5 തീയതികളിലായി ലോണാവാലയിലെ ആംബി വാലിയിലാണ് ഐബിഡബ്ല്യു സംഘടിപ്പിക്കുന്നത്

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘ഇന്ത്യാ ബൈക്ക് വീക്ക്’ (ഐബിഡബ്ല്യു) ഈ വര്‍ഷം പുതിയ വേദിയില്‍ അരങ്ങേറും. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഉല്‍സവം ഡിസംബര്‍ 4, 5 തീയതികളിലായി മഹാരാഷ്ട്ര ലോണാവാലയിലെ ആംബി വാലിയിലാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ ഇന്ത്യാ ബൈക്ക് വീക്ക് ‘പ്രത്യേക പതിപ്പ്’ ആയിരിക്കും. ഇന്ത്യയിലെങ്ങുനിന്നുമുള്ള മോട്ടോര്‍സൈക്ലിസ്റ്റുകള്‍ ഐബിഡബ്ല്യു വേദിയിലേക്ക് റൈഡ് ചെയ്യുന്ന ‘ഗ്രേറ്റ് മൈഗ്രേഷന്‍’ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇന്ത്യാബൈക്ക്‌വീക്ക്.ഐഎന്‍ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഇതിനകം ആര്‍എസ്‌വിപികള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. നവംബര്‍ 17 ന് ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. സ്‌പെഷല്‍ എഡിഷന്‍ ആയതിനാല്‍ ഈ വര്‍ഷം എന്‍ട്രികളുടെ എണ്ണം പരിമിതപ്പെടുത്തും. രാജ്യമെങ്ങുനിന്നുമുള്ള 400 ലധികം മോട്ടോര്‍സൈക്കിള്‍ ക്ലബ്ബുകള്‍ ഈ വര്‍ഷത്തെ ഇന്ത്യാ ബൈക്ക് വീക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൈഡിംഗ്, സംഗീതം, ഭക്ഷണം, ഏഷ്യയില്‍ നിന്നും രാജ്യമെങ്ങുനിന്നുമുള്ള മോട്ടോര്‍സൈക്ലിസ്റ്റുകളുടെ വലിയ സമാഗമം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും. ‘റെവ്‌മോട്ടോ സ്റ്റേജില്‍’ ലൈവ് മ്യൂസിക് ആക്ടുകളും ലോഞ്ചുകളും കാണാന്‍ കഴിയും. രാജ്യമെങ്ങുനിന്നുമുള്ള സ്റ്റണ്ട് ടീമുകള്‍ ഏറെ കൊതിക്കുന്ന ട്രോഫിക്കായി സ്റ്റണ്ട് മല്‍സരം സംഘടിപ്പിക്കും. അന്താരാഷ്ട്ര സ്റ്റണ്ട് അത്‌ലറ്റുകളുടെ ഷോകളും ഫെസ്റ്റിവലില്‍ കാണാം. ‘ദ വാലി റണ്‍’ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ബൈക്കുകളും കാറുകളും ഡ്രാഗ് റേസുകളില്‍ പങ്കെടുക്കും.

‘ബിഗ് ട്രിപ്പ്’ ടെന്റില്‍ ആഗോള ബൈക്കിംഗ് രംഗത്തെ അതികായന്‍മാരും ലോകമെമ്പാടും ബൈക്ക് ഓടിച്ച ഇതിഹാസങ്ങളും വിവിധ സെഷനുകള്‍ നയിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്കര്‍ എക്സിബിഷന്‍ പരിപാടിയായ ഐബിഡബ്ല്യു ബൈക്കേഴ്‌സ് മാര്‍ട്ടില്‍ റൈഡിംഗ് കിറ്റുകള്‍, മോട്ടോര്‍സൈക്കിള്‍ ആക്സസറികള്‍, ഗിയര്‍ എന്നിവ വില്‍ക്കും. ക്ലാസിക്കുകള്‍ അടുത്തറിയുന്നതിന് ‘ഐബിഡബ്ല്യു കളക്ടേഴ്‌സ് ഷോകേസ്’ ഉണ്ടായിരിക്കും.